തൃശൂർ: ഏങ്ങണ്ടിയൂരിൽ സിപിഎം പ്രവർത്തകൻ അമൽ കൃഷ്ണയെമർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ സിപിഎം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ ആവശ്യപ്പെട്ടു.
ഏങ്ങണ്ടിയൂർ തിരുമംഗലം ഡിവിഷൻ ബ്ലോക്ക് മെംബർ സുധയുടെ മകൻ അമൽ കൃഷ്ണയെ സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിലാൽ, ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗം സുൽത്താൻ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഷെബിൻ തുടങ്ങിയവർ ചേർന്ന് ഏങ്ങണ്ടിയൂരിൽ വച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മർദനമേറ്റ് തൃശൂർ എലൈറ്റ് ഹോസ്പിറ്റലിൽ ചിക്കത്സയിലിരിക്കെ ഇന്നലെ രാത്രി എട്ടിനാണ് മരണത്തിന് കീഴടങ്ങിയത്. ഈ കൊലയ്ക്ക് നേതൃത്വം നൽകിയ സുൽത്താൻ മുൻപ് ബിജെപി പ്രവർത്തകൻ സുജിത്ത് ഉണ്ണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. നേതാക്കളുടെ വഴിവിട്ട ജീവിതം ചോദ്യം ചെയ്യുന്ന പ്രവർത്തകരെ തല്ലിക്കൊല്ലുന്നതാണ് സിപിഎംന്റെ പുതിയ രീതിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു.
കൊലപാതകം സ്വാഭാവിക മരണമാക്കി മാറ്റാനുള്ള അറിയറ നീക്കം സിപിഎം നേതൃത്വം തുടങ്ങിയിട്ടുണ്ട്. പ്രതികളെ രക്ഷിക്കാൻ പാർട്ടിയും പോലീസും ശ്രമിച്ചാൽ ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അറിയിച്ചു.
സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യണം: ബിജെപി
12:50 AM Mar 20, 2023 | Deepika.com