ചാവക്കാട്: നിയമസഭ സ്പീക്കർ മുതൽ ചാവക്കാട് ഗവ. പ്ലീഡർ വരെയുള്ളവർ അധികാരം ദുർവിനിയോഗം ചെയ്യുന്നവരെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറന്പിൽ എംഎൽഎ പറഞ്ഞു. യൂത്ത് കോണ്ഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട്ട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി പറന്പിൽ. പീഡിതർക്കൊപ്പം നിൽക്കുന്നതിനുപകരം പ്രതികൾക്കൊപ്പം നിലകൊണ്ട് അധികാരം ദുർവിനിയോഗിക്കുന്നവരെ മാത്രമാണു സർക്കാർ ഉന്നത സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നത്. നീതിനിഷേധങ്ങൾക്കു മുന്നിൽ യൂത്ത് കോണ്ഗ്രസ് നിശബ്ദരാവില്ലെന്നും ഷാഫി പറഞ്ഞു.
നേരത്തെ മണത്തല പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച യുവജനറാലി ചാവക്കാട് നഗരം ചുറ്റി താലൂക്ക്് ഓഫീസ് പരിസരത്ത് സമാപിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം ആരംഭിച്ച പൊതുസമ്മേളനത്തിൽ യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി. കൃഷ്ണൻ അധ്യക്ഷനായി. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ് മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ആബിദ് അലി, ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.എം. നൗഫൽ, കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ, യൂത്ത് കോണ്ഗ്രസ് സംസ്ഥാന സംസ്ഥാന ഭാരവാഹികളായ എ.കെ. ഷാനിബ്, സജീർ ബാബു, ജില്ലാ ഭാരവാഹികളായ മൊയ്തീൻഷാ പള്ളത്ത്, ജെറോണ് ജോണ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താഖലി, തബ്ഷീർ മഴുവഞ്ചേരി, ഷാരൂഖാൻ എന്നിവർ പ്രസംഗിച്ചു.
സർക്കാർ പ്രതികൾക്കൊപ്പം നിലകൊള്ളുന്നു: ഷാഫി പറന്പിൽ
12:50 AM Mar 20, 2023 | Deepika.com