കൊരട്ടി: നാടിന്റെ ചിരകാലാഭിലാഷം പൂവണിയുകയാണ്. വേനൽക്കാലത്ത് കൊരട്ടിയുടെ വിവിധ ഭാഗങ്ങളിൽ രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാൻ വിഭാവനം ചെയ്ത പാറക്കൂട്ടം കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലേക്ക്.
11 കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതി യാഥാർഥ്യമാകുന്നതോടെ കൊരട്ടി സന്പൂർണ കുടിവെള്ള പഞ്ചായത്തായി മാറും. ഭാഗികമായി കാടുകുറ്റി ഗ്രാമപഞ്ചായത്തിലും പദ്ധതിയുടെ ഗുണഫലം ലഭിക്കും. പാറക്കൂട്ടത്ത് നിർമിക്കുന്ന ജല ശുദ്ധീകരണ പ്ലാന്റിന്റെയും മുരിങ്ങൂരിൽ നിർമിക്കുന്ന റോ വാട്ടർ പന്പ് ഹൗസിന്റെയും പണികൾ ഏറെക്കു റെ പൂർത്തിയായി.
ചാലക്കുടി പുഴയിൽ നിന്ന് വെള്ളം പന്പ് ചെയ്ത് കൊരട്ടി പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ പാറക്കൂട്ടത്ത് എത്തിക്കും. പ്ലാന്റും വലിയ സ്റ്റോ റേജ് ടാങ്കും അടക്കം വിപുലമായ ക്രമീകരണങ്ങളാണു പദ്ധതിയുടെ ഭാഗമായി സജ്ജമാക്കിയിരിക്കുന്നത്. പന്പ് സെറ്റ് സ്ഥാപിക്കലും വൈദ്യുതീകരണവും പൂർത്തിയാകാറായി. ഇരു പഞ്ചായത്തുകളിലും ജലവിതരണം നടത്താൻ നിർമിക്കുന്ന ഈ യൂണിറ്റിന് പ്രതിദിനം ആറു ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയാണുള്ളത്. ജൽജീവൻ മിഷനും സംസ്ഥാന - പഞ്ചായത്ത് വിഹിതങ്ങളും ഗുണഭോക്തൃവിഹിതവും ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാന ജലവിഭവ വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. പുഴയിൽ നിന്നും വെള്ളം പ്ലാന്റിലേക്ക് എത്തിക്കുന്നതിനു വേണ്ടി പൈപ്പ് സ്ഥാപിക്കുന്നതിൽ ചില സാങ്കേതിക തടസങ്ങൾ നേരിട്ടത് ചെറിയൊരു കാലതാമസം വരുത്തി. പുഴയിൽ നിന്ന് ദേശീയപാത വഴി പൈപ്പിട്ട് പാറക്കൂട്ടത്ത് വെള്ളമെത്തിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും ദേശീയ പാത വികസനത്തിന്റെ സാങ്കേതികത്വത്തിൽ തട്ടി പൈപ്പിടാൻ അനുമതി ലഭിച്ചില്ല. തുടർന്ന് പുഴയിൽ നിന്നും മേലൂർ പഞ്ചായത്ത് പരിധിയിലൂടെ പൈപ്പിടാൻ തീരുമാനിക്കുകയായിരുന്നു.
പുതിയ സ്റ്റോറേജ് ടാങ്കിന്റെയും പഴയ സ്റ്റോറേജ് ടാങ്കിന്റെയും സംഭരണശേഷി പ്രയോജനപ്പെടുത്തുന്നതിലൂടെ കൊരട്ടിയിൽ പൂർണമായും കാടുകുറ്റിയിൽ ഭാഗികമായും കുടിവെള്ള ലഭ്യത ഉറപ്പു വരുത്താനാകും. വേനലിൽ നാടു ചുട്ടുപൊള്ളുകയാണെങ്കിലും സമയബന്ധിതമായി നിർമാണം പൂർത്തീകരിച്ച് മഴയ്ക്ക് മുന്പുതന്നെ പദ്ധതി യാഥാർഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് അധികൃതർ.
വികസന കാഴ്ചപ്പാടോടെ മുൻ എംഎൽഎ ബി.ഡി.ദേവസി കൊണ്ടുവന്നതും സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ ക്രിയാത്മകമായ ഇടപെടലോടെ ഫലപ്രാപ്തിയിലെത്തുന്നതുമായ പാറക്കൂട്ടം കുടിവെള്ള പദ്ധതി വഴി കൊരട്ടി, കാടുകുറ്റി നിവാസികളുടെ ഏറെക്കാലത്തെ ആഗ്രഹമാണ് സഫലമാകുന്നത്.
പാറക്കൂട്ടം കുടിവെള്ള പദ്ധതി: നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലേയ്ക്ക്
12:50 AM Mar 20, 2023 | Deepika.com