പത്തനംതിട്ട: വല്യയന്തി എംഎസ്സി എല്‍പി സ്കൂള്‍ നവതി ആഘോഷങ്ങള്‍ നാളെ ആരംഭിക്കും. തടത്തില്‍ കേശവന് വൈദ്യര് നല്കിയ സ്ഥലത്ത് 1933 ല്‍ മൈലപ്ര തെങ്ങുംതറ മേടയില്‍ ഫാ. എ.ജി. ഏബ്രഹാം അച്ചന് ആരംഭിച്ചതാണ് ഈ വിദ്യാലയം. പില്ക്കാലത്ത് മലങ്കര കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ട ഫാ. ഏബ്രഹാം ഈ സ്കൂളിന്റെ ഉടമസ്ഥാവകാശം ദൈവദാസന് മാര്‍ ഈവാനിയോസ് പിതാവിന് കൈമാറ്റം ചെയ്തു. സഭയുടെ കോര്‍പറേറ്റ് മാനേജ്മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ 2010 മുതല്‍ പത്തനംതിട്ട രൂപതയുടെ കീഴിലാണ്.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നവതി സമ്മേളനം പത്തനംതിട്ട രൂപതയുടെ പ്രഥമ അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
പൗരോഹിത്യ സുവര്‍ണജൂബിലിയും മെത്രാഭിഷേക രജത ജൂബിലിയും ആഘോഷിക്കുന്ന സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികൂടിയായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയെ യോഗത്തില്‍ ആദരിക്കുമെന്ന് ഹെഡ്മാസ്റ്റര് തോമസ് ജോര്‍ജ് പറഞ്ഞു. രൂപത വികാരി ജനറാള്‍ മോണ്‍. ഷാജി തോമസ് മാണികുളം, എംഎസ്്സി സ്കൂള്‍സ് കറസ്പോണ്ടന്റ് ഫാ.വര്‍ഗീസ് മാത്യു, റവ. അനില്‍ ടി. തോമസ്, ഫാ. ക്രിസ്റ്റി ജോണ്‍ ഒഐസി, നഗരസഭ കൗണ്‍സിലര്‍ ആന്‍സി തോമസ് തോമസ് മാത്യു കാട്ടുകല്ലില്‍, സജി കെ. സൈണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
വല്യയന്തി എംഎസ്സി എല്‍പി സ്കൂള്‍ നവതി ഉദ്ഘാടനം നാളെ
10:23 PM Mar 19, 2023 | Deepika.com