പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ നേതൃത്വത്തിലുള്ള പത്തനംതിട്ട കാത്തലിക് കൺവൻഷൻ 22 മുതൽ 26 വരെ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ അങ്കണത്തിൽ നടക്കും. "സഭയുടെ നവീകരണം' എന്ന ലക്ഷ്യത്തോടെ നടക്കുന്ന കൺവൻഷനിൽ തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രത്തിലെ ഫാ. ഡാനിയൽ പൂവണ്ണത്തിൽ വചന പ്രഘോഷണം നടത്തുമെന്നു രൂപത വികാരി ജനറാൾ മോൺ. ഷാജി തോമസ് മാണികുളം പത്രസമ്മേളനത്തിൽ പറഞ്ഞു.
22ന് വൈകുന്നേരം നാലിന് ജപമാലയോടെ കൺവൻഷൻ തുടക്കമാകും. 4.30 ന് പത്തനംതിട്ട വൈദിക ജില്ലയിലെ വൈദികർ വിശുദ്ധ കുർബാന അർപ്പിക്കും. പത്തനംതിട്ട രൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. 5.30ന് ഫാ. ഡാനിയൽ പൂവണ്ണത്തിൽ വചനപ്രഘോഷണം ആരംഭിക്കും. 23ന് വൈകുന്നേരം നാലിന് ജപമാല പ്രാർഥനയേ തുടർന്ന് പന്തളം വൈദിക ജില്ലയിലെ വൈദികർ വിശുദ്ധ കുർബാനയ്ക്കു കർമികത്വം വഹിക്കും. 5.30ന് വചനപ്രഘോഷണം. 24നു വൈകുന്നേരം കോന്നി വൈദിക ജില്ലയിലെ വൈദികരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന.
5.30നു വചനപ്രഘോഷണം. 25നു വൈകുന്നേരം നാലിന് ജപമാല പ്രാർഥനയേ തുടർന്ന് സീതത്തോട് വൈദിക ജില്ലയിലെ വൈദികരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. 5.30ന് വചനപ്രഘോഷണം. സമാപന ദിവസമായ 26ന് വൈകുന്നേരം നാലിന് ജപമാല പ്രാർഥനയേ തുടർന്ന് റാന്നി - പെരുനാട് വൈദിക ജില്ലയിലെ വൈദികർ വിശുദ്ധ കുർബാന അർപ്പിക്കും. 5.30ന് വചനപ്രഘോഷണത്തേ തുടർന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ സമാപന സന്ദേശവും ആശീർവാദവും നൽകും.
കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. എല്ലാ ദിവസവും കൺവൻഷനു ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കൺവൻഷൻ നടത്തിപ്പിനായി രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെയും വികാരി ജനറാൾ ഡോ. ഷാജി തോമസ് മാണികുളത്തിന്റെയും ജനറൽ കോർഡിനേറ്റർ ഫാ. ഏബ്രഹാം മണ്ണിലിന്റെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.പബ്ലിസിറ്റി ചെയർമാൻ ഫാ. വർഗീസ് ചാമക്കാലായിൽ, കൺവീനർ ബോബി ഏബ്രഹാം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പത്തനംതിട്ട കാത്തലിക് കൺവൻഷൻ 22 മുതൽ 26 വരെ
10:22 PM Mar 18, 2023 | Deepika.com