എടക്കര: എടക്കര ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ സംഗമം പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്ക്കരിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയതു. എന്നാൽ ഭരണസമിതി തീരുമാനമില്ലാതെയും പ്രതിപക്ഷ ജനപ്രതിനിധികളെ അറിയിക്കാതെയുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു. യോഗത്തിൽ നാടകീയ രംഗങ്ങൾക്കും ഇതു കാരണമായി.
ഇസ്മായിൽ മൂത്തേടം ഉദ്ഘാടന പ്രസംഗം പൂർത്തിയാക്കിയ ഉടനെ പ്രതിപക്ഷ അംഗം പി. മോഹനൻ സംസാരിക്കാൻ അവസരം ചോദിച്ചെങ്കിലും രേഖ കൈമാറ്റം നടത്തിയ ശേഷം അവസരം നൽകാമെന്ന് പ്രസിഡന്റ് ഒ.ടി. ജയിംസ് അറിയിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ബഹളങ്ങൾക്കിടയിൽ ഗുണഭോക്താക്കൾക്കുള്ള രേഖകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ സൗജന്യ ഭൂമി, അന്പത് ഭൂരഹിതർക്കുള്ള ഭൂമിയുടെ രേഖ കൈമാറ്റം, 164 ലൈഫ് ഭവനങ്ങൾക്ക് നിർമാണ പെർമിറ്റുമാണ് വിതരണം ചെയ്തത്. തുടർന്ന് വാക്കേറ്റം മൈക്കിനു വേണ്ടിയുള്ള പിടിവലിയിലേക്ക് നീങ്ങി. ഒടുവിൽ സംസാരിക്കാനുള്ളവരെ ക്ഷണിക്കേണ്ടത് അധ്യക്ഷന്റെ വിവേചനാധികാരമാണെന്നും എല്ലാവർക്കും അവസരം നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു.
എടക്കരയിലെ ലൈഫ് ഗുണഭോക്തൃ സംഗമം പ്രതിപക്ഷം ബഹിഷ്കരിച്ചു
11:42 PM Mar 17, 2023 | Deepika.com