തിരുവല്ല: പത്തനംതിട്ട ജില്ലയുടെ നെല്ലറയായ പെരിങ്ങര പഞ്ചായത്തിലെ പാണാകേരി പാടശേഖരത്തിൽ വിളവെടുപ്പിന് തുടക്കമായി. 200 ഏക്കർ വിസ്തൃതിയുള്ള പാണാകേരി പാടത്ത് ഇക്കുറി 175 ഏക്കർ നിലത്തിൽ മാത്രമാണ് കൃഷി ഇറക്കിയത്. പഞ്ചായത്തിലെ ഏറ്റവും മികച്ച വിളവാണ് ഈ പാടശേഖരത്തിൽ ഇക്കുറി കർഷകർ പ്രതീക്ഷിക്കുന്നത്. വേനൽ മഴ മാറിനിന്നത് ഇത്തവണ നെല്ലുകൾ വെള്ളത്തിൽ കിടന്നു നശിക്കാതെ 100 മേനി വിളവ് ലഭിക്കുമെന്നു കർഷകർ പറയുന്നു. പാടശേഖരത്തിന്റെ പന്ത്രണ്ടിൽ പടി ഭാഗത്ത് കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം മായാ അനിൽകുമാർ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, പെരിങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ആർ. നായർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സോമൻ താമരച്ചാലിൽ, സി.കെ. അനു, സിപിഎം ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണി, അപ്പർകുട്ടനാട് കർഷക സംഘം പ്രസിഡന്റ് സാം ഈപ്പൻ, ഈപ്പൻ കുര്യൻ, സി.കെ. പൊന്നപ്പൻ, കൃഷി ഓഫീസർ അഞ്ജു മറിയം ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
പാണാകേരി പാടത്ത് വിളവെടുപ്പ്
10:44 PM Mar 17, 2023 | Deepika.com