സ്തനാർബുദ നിർണയ ക്യാന്പ് സമാപിച്ചു
12:59 AM Feb 09, 2023 | Deepika.com
വെന്പല്ലൂർ: എംഇഎസ് അസ്മാബി കോളജും, ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തും സംയുക്തമായി കൊച്ചിൻ കാൻസർ സൊസൈറ്റിയുടേയും, ഹെൽത്ത് എയ്ഡിന്റേയും സഹകരണത്തോടെ നടത്തി വന്ന സ്തനാർബുദ നിർണയ ക്യാന്പ് സമാപിച്ചു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും ബോധവത്കരണത്തിന് ശേഷം നടത്തിയ സർവേയിലൂടെ കണ്ടെത്തിയ ഇരുനൂറ്റി അൻപതോളം സംശയാസ്പദമായ കേസുകളിൽ മാമോഗ്രാം പരിശോധനയും സ്കാനിങ്ങും നടത്തി. രോഗ ലക്ഷണമുള്ളവരെ നേരത്തേ ചികിത്സക്കു വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരുമാസം നീണ്ടു നിന്ന ക്യാന്പ് സംഘടിപ്പിച്ചത്. അസ്മാബി കോളജിലെ എൻഎസ്എസ് വോളൻഡിയർമാരാണ് പഞ്ചായത്തിലെ എല്ലാ വീടുകളിലുമെത്തി ബോധവത്കരണവും സർവേയും നടത്തിയത്. ക്യാന്പിന്റെ സമാപന ദിവസം കാലിക്കട്ട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ജയരാജ് ക്യാന്പ് സന്ദർശിക്കുകയും കേരളത്തിൽ ആദ്യമായാണ് ഒരു കോളജ് ഇത്തരം സമഗ്രരോഗ നിർണയ ക്യാന്പിന് നേതൃത്വം നൽകുന്നതെന്നും അഭിപ്രായപ്പെട്ടു. പ്രൻസിപ്പൽ ഡോ. എ. ബിജു, സെക്രട്ടറി ആൻഡ് കറസ്പോണ്ടന്റ് അഡ്വ. നവാസ് കാട്ടകത്ത്, ഹെൽത്ത് എയ്ഡ് ഭാരവാഹി നൂറുദ്ദീൻ തുടങ്ങിയവരാണ് ക്യാന്പിന് നേതൃത്വം നൽകിയത്.