ചാവക്കാട്: രാത്രി വീട്ടിൽ അതിക്രമിച്ച് കടന്ന് മാല കവരാൻ ശ്രമം. അക്രമിയുമായുള്ള മൽപിടിത്തത്തിനിടയിൽ വീട്ടമ്മ ബോധരഹിതയായി. പേരകം ശിവക്ഷേത്രത്തിനു സമീപം കളത്തിൽ ബാബുവിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
രാത്രി എട്ടിനു വീടിന്റെ മുൻവശത്തെ വാതിൽ തുറക്കുന്ന ശബ്ദംകേട്ട് ബാബുവിന്റെ ഭാര്യ ഷീബ മുൻവശത്തേയ്ക്കു വന്നപ്പോൾ മുഖം മറച്ചെത്തിയ മോഷ്ടാവ് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഷീബ തടഞ്ഞപ്പോൾ മൽപ്പിടിത്തമായി. ഇതിനിടയിൽ ഷീബ തന്നെ സ്വർണമാല പൊട്ടിച്ച് അകത്തേയ്ക്ക് എറിഞ്ഞു.
അക്രമി ആയുധമെടുത്ത് ആക്രമിക്കാൻ തുനിയുന്നതിനിടയിൽ വീട്ടമ്മയുടെ ബോധം നഷ്ടപ്പെട്ടു. അരമണിക്കൂറിനുശേഷം മകൻ വീട്ടിലെത്തിയപ്പോഴാണു മാതാവ് ബോധരഹിതയായി കിടക്കുന്നത് കണ്ടത്. പിന്നീടാണ് ആക്രണവിവരം അറിയുന്നത്. ഷീബയെ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റേഷൻ വ്യാപാരികൾ ധർണ നടത്തി
ചാവക്കാട്: റേഷൻ വ്യാപാരികളോടുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് കേരള റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ സിവിൽ സപ്ലൈസ് ഓഫീസിനു മുന്നിൽ ധർണ നടത്തി. കോവിഡ് കാലത്ത് വിതരണംചെയ്ത കിറ്റിന്റെ കമ്മീഷൻ തുക തടഞ്ഞുവച്ചതിലും പ്രതിഷേധിച്ചു.
അസോസിയേഷൻ താലൂക്ക് വൈസ് പ്രസിഡന്റ് കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു. കെ. ഗോപി അധ്യക്ഷനായിരുന്നു. ഉമ്മർ മുക്കണ്ടത്ത്, സോമസുന്ദരൻ, സനീഷ് എന്നിവർ പ്രസംഗിച്ചു.
വീട്ടമ്മയെ ആക്രമിച്ച് മാല കവരാൻ ശ്രമം
12:51 AM Feb 09, 2023 | Deepika.com