തിരുവില്വാമല: ചിത്രകലാകാരൻ ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം തേടുന്നു. തിരുവില്വാമല കണിയാർ കോട് ഗാന്ധിഗ്രാം കോളനിയിലെ കുഞ്ഞിരാമനാണ് (52) കഴുത്തിലും താടിയെല്ലിനകത്തും ശരീ ര ഭാഗങ്ങളിലും പഴുപ്പു മൂലം അത്യാസന്നനിലയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഓർമ നഷ്ടപ്പെട്ട് കഴിയുന്നത്.
പഴുപ്പ് നീക്കം ചെയ്യാൻ ഇതിനിടെ രണ്ട് സർജറികൾ നടത്തി . അവിവാഹിതനായ കുഞ്ഞിരാമന്റെ വീട്ടിൽ 85കാരിയായ മാതാവും അവിവാഹിതയായ സഹോദരി വസന്തയുമാണുള്ളത്. അങ്കണവാടിയിലെ ഹെൽപ്പറാണ് വസന്ത. അവിടെനിന്നു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. കുഞ്ഞിരാമൻ അസുഖ ബാധിതനായതോടെ ചികിത്സയ്ക്കും വീട്ടു ചെലവുകൾക്കുമുള്ള പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് വസന്ത. ഭക്ഷണത്തിനു പോലും പണമില്ലാത്ത അവസ്ഥയിലാണ് നിർധന കുടുംബം.
നന്നായി ചിത്രം വരക്കുന്ന കുഞ്ഞിരാമൻ കടകളുടെയും രാഷ്ട്രീയപാർട്ടികളുടേയും ചുമരെഴുത്തും മറ്റും നടത്തിവരികയായിരുന്നു. മതിലുകളും കടകളുടെ ബോർഡുകളുമെല്ലാം പെയിന്റ് കൊണ്ട് ബഹുവർണത്തിൽ ആകർഷകമാക്കിയിരുന്ന അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സുമനസുകൾ സഹായിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കുടുംബം.
ബാങ്ക് അക്കൗണ്ട് നന്പർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഒറ്റപ്പാലം അക്കൗണ്ട് നന്പർ: 330 960 31760, IFSC SBI NO 000257 ,
GP 97442 09464.
കുഞ്ഞിരാമൻ നിറമുള്ള ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കാരുണ്യം തേടുന്നു
01:01 AM Feb 08, 2023 | Deepika.com