ചാവക്കാട്: വട്ടേക്കാട് സെന്ററിൽ ഐസ് ക്രീം സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ കത്തിനശിച്ചു. വട്ടേക്കാട് സെന്ററിൽ പ്രവർത്തിക്കുന്ന റിലൈബിൾ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനമാണ് കത്തിനശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.
സമീപത്തെ പള്ളിയിൽ നമസ്ക്കാരിക്കാനെത്തിയവരാണ് പൂട്ടി കിടക്കുകയായിരുന്ന സ്ഥാപനത്തിൽനിന്ന് തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് മണ്ണെറിഞ്ഞും വെള്ളമൊഴിച്ചും തീയണക്കാൻ ശ്രമിച്ചു.
ഗുരുവായൂരിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ പൂർണമായും അണച്ചത്. സ്ഥാപനത്തിലുണ്ടായിരുന്ന എട്ട് ഫ്രീസറുകൾ പൂർണമായും കത്തിനശിച്ചു. ഫർണീച്ചർ, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയും കത്തിനശിച്ചു.
പാടൂർ സ്വദേശി ആദിലിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. രാവിലെ വിതരണത്തിനായി സ്ഥാപനത്തിൽനിന്ന് സാധനങ്ങളെടുത്ത ശേഷം പൂട്ടി പോയസമയത്താണ് തീപിടിത്തം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. എട്ട് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.
വട്ടേക്കാട് ഐസ്ക്രീം ഗോഡൗണ്‍ കത്തിനശിച്ചു
01:01 AM Feb 08, 2023 | Deepika.com