ചേർപ്പ്: പാലയ്ക്കൽ- പെരുന്പിള്ളിശേരി റോഡ് കോൺക്രീറ്റിംഗ് പൂർത്തിയാകുംമുന്പേ പാലയ്ക്കൽ - കൂർക്കഞ്ചേരി റോഡ് പണികൾ ഇന്നു മുതൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി കൂർക്കഞ്ചേരി മുതൽ കണിമംഗലം പാലം വരെ രണ്ടുവരി ഗതാഗതം അനുവദിക്കില്ല. ബസുകളും വാണിജ്യ ചരക്കുവാഹനങ്ങളും കൂർക്കഞ്ചേരിയിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞ് സർവീസ് നടത്തേണ്ടിവരും.
കൊടുങ്ങല്ലൂർ - കൂർക്കഞ്ചേരി കോൺക്രീറ്റ് റോഡിന്റെ മൂന്നാംഘട്ടമാണ് പാലയ്ക്കൽ മുതൽ കൂർക്കഞ്ചേരി വരെയു ള്ള ഭാഗത്തു തുടങ്ങുന്നത്. റോഡിന്റെ കിഴക്കുവശമാണ് (തൃശൂരിൽനിന്നു വാഹനങ്ങൾ പോകുന്ന ഭാഗം) ആദ്യം പൊളിക്കുന്നത്. നിർമാണം തുടങ്ങാൻ ആവശ്യമായ മില്ലിംഗ് മെഷീനും അനുബന്ധ സാമഗ്രികളും എത്തിച്ചിട്ടുണ്ട്.
വാഹനങ്ങളുടെ റൂട്ട്മാറ്റം സംബന്ധിച്ചു ജില്ലാ കളക്ടർ ഹരിത വി. കുമാർ ചെയർമാനായ കമ്മിറ്റി തീരുമാനമെടുത്തു. ആർടിഎ കമ്മിറ്റിയുടെ ഉത്തരവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പാതയിലെ തൃശൂർ കോർപറേഷനിൽ ഉൾപ്പെട്ട ഭാഗത്തെ റോഡുപണിയാണ് ഉടൻ ആരംഭിക്കുന്നത്. തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോഗ്ര, മധ്യ മേഖല ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ എം.പി. ജെയിംസ് എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ.
പാലയ്ക്കൽ - കൂർക്കഞ്ചേരി റോഡ് പണി ഇന്നു മുതൽ; ഗതാഗത നിയന്ത്രണവും
12:58 AM Feb 08, 2023 | Deepika.com