ഇരിങ്ങാലക്കുട: അംഗ പരിമിതർക്കായി കുറഞ്ഞ ചെലവിൽ കൃത്രിമ കൈ വികസിപ്പിച്ചെടുക്കാനുള്ള പ്രോജക്ടിന് ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിന് കേരള സ്റ്റാർട്ട് അപ്പ് മിഷൻറെ രണ്ട് ലക്ഷം രൂപയുടെ ഫണ്ടിംഗ്.
വിദ്യാർഥികളായ ഷോണ്‍ എം. സന്തോഷ്, ഐശ്വര്യ എബി, അലീന ജോണ്‍ ഗ്രേഷ്യസ്, ഐവിൻ ഡയസ് എന്നിവരുടെ സംഘം ഐഡിയ ഫെസ്റ്റിൽ നടത്തിയ അവതരണത്തിന് ആണ് അംഗീകാരം. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം അസിസ്റ്റൻറ് പ്രഫസറും ഐഇഡിസി നോഡൽ ഓഫീസറുമായ ഒ. രാഹുൽ മനോഹർ ആണ് ടീമിന്റെ മെന്റർ. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. കാരൻ ബാബുവാണ് കോമെന്റർ. കല്ലേറ്റുംകര നിപ്മറുമായി സഹകരിച്ച് ഒരു വർഷം മുൻപ് ആരംഭിച്ച പ്രോജക്ടിൻറ അടുത്ത ഘട്ടത്തിനായി ആണ് തുക വിനിയോഗിക്കുക.
കെ കൃഷ്ണൻ, എസാജ് വിൽസണ്‍ എന്നിവരടങ്ങുന്ന സംഘം ഇതിൻറെ ബീറ്റാ പ്രോട്ടോടൈപ് വികസിപ്പിച്ചിരുന്നു. ഈ പ്രോജക്ടിന് ലഭിച്ച അംഗീകാരം സാമൂഹിക പ്രസക്തിയുള്ള പ്രോജക്ടുകൾ ഏറ്റെടുക്കാൻ വിദ്യാർഥികൾക്ക് പ്രചോദനമാകുമെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അഭിപ്രായപ്പെട്ടു. വിദ്യാർഥികളെ ജോ. ഡയറക്ടർമാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. ആന്റണി ഡേവിസ്, പ്രിൻസിപ്പൽ ഡോ. സജീവ് ജോണ്‍, വൈസ് പ്രിൻസിപ്പൽ ഡോ. വി.ഡി. ജോണ്‍ എന്നിവർ അഭിനന്ദിച്ചു.
കൃത്രിമ കൈ വികസിപ്പിക്കാൻ ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിന് ഫണ്ടിംഗ്
12:46 AM Feb 07, 2023 | Deepika.com