ചാലക്കുടി: അതിരപ്പിള്ളിയിലെ ഭൂപ്രകൃതിയ്ക്ക് അനുസൃതമായ രീതിയിൽ ടൂറിസം പ്രവർത്തനങ്ങൾക്കാവശ്യമായ മാസ്റ്റർപ്ലാൻ തയ്യാറാക്കി ഘട്ടംഘട്ടമായി നടപ്പിലാക്കുവാൻ വനംമന്ത്രി എ.കെ. ശശീന്ദ്രൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി.
സനീഷ്കുമാർ ജോസഫ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വിളിച്ചു ചേർത്തയോഗത്തിലാണ് നിർദേശംനൽകിയത്. കഫ്തീരിയ, പാർക്കിംഗ് സൗകര്യം, ശുചിമുറികൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ നടപ്പിലാക്കണമെന്നും ട്രെക്കിംഗ്, സഫാരി പോലുള്ള ടൂറിസം പദ്ധതികൾ പ്രവർത്തികമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. അതിരപ്പിള്ളിയിലെ വിനോദസഞ്ചാരം വികസിയ്ക്കുകയാണെങ്കിൽ വന്യജീവി ആക്രമണങ്ങൾ നേരിടുന്നതുമൂലം കൃഷി ചെയ്യാൻ സാധിയ്ക്കാത്ത പ്രദേശവാസികൾക്കും ആദിവാസിഗോത്രങ്ങളിലുള്ളവർക്കും മറ്റൊരു വരുമാന മാർഗം രൂപപ്പെടുമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു. വാഴച്ചാൽ ഡിവിഷനിലെ ഇക്കോ ടൂറിസംകേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിയ്ക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ടുറിസം ക്ലിയറിംഗ് കമ്മിറ്റിയ്ക്ക് മുന്നിൽ അവതരിപ്പിച്ച പ്രപ്പോസലിൽ മാറ്റങ്ങൾ വരുത്തി സമർപ്പിയ്ക്കുവാൻ നിർദേശിച്ചിട്ടുള്ളതായി യോഗത്തിൽ അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറെസ്റ്റസ് യോഗത്തിൽ അറിയിച്ചു. സമഗ്രമായ പദ്ധതി രണ്ടു മാസത്തിനകം തയാറാക്കാൻ കഴിയുമെന്ന് പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറെസ്റ്റ്സ്(പ്ലാനിംഗ് ആൻഡ് ഡെവലമെന്റ്) അറിയിച്ചു. ആവശ്യാനുസരണം പൊളിച്ചു നീക്കുവാൻ സാധിയ്ക്കുന്ന കണ്ടെയ്നർ നിർമിതികൾ അനുവദിയ്ക്കുന്ന കാര്യം പരിഗണിയ്ക്കാനും യോഗം തീരുമാനിച്ചു.
അതിരപ്പിള്ളിയിലെ ഭൂപ്രകൃതിയ്ക്ക് അനുസൃതമായ മാസ്റ്റർപ്ലാൻ തയാറാക്കാൻ നിർദേശം
12:46 AM Feb 07, 2023 | Deepika.com