പുത്തൂർ: വെട്ടുകാട് ഉദയനഗറിൽ തേനീച്ചയുടെ കുത്തേറ്റ് കെട്ടിട നിർമാണ തൊഴിലാളികളായ അഞ്ചുപേർക്കു പരിക്കേറ്റു. സ്വകാര്യ വ്യക്തിയുടെ വീടിന്റെ നിർമാണ പ്രവൃത്തികൾക്കെത്തിയ തൊഴിലാളികൾക്കാണു തേനീച്ചയുടെ കുത്തേറ്റത്. വടക്കുഞ്ചേരി സ്വദേശികളായ കമ്മാന്തറ വീട്ടിൽ സുനിൽ, കണിമംഗലം വിട്ടിൽ രാധാകൃഷ്ണൻ, വില്ലടം സ്വദേശികളായ കാരിക്കാട്ട് നവാസ്, ബാബു, അരിന്പൂർ സ്വദേശി ഹരിദാസ് എന്നിവർക്കാണു പരിക്കേറ്റത്.
പരിക്കേറ്റവരെ വെട്ടുകാട് കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. സാരമായി പരിക്കേറ്റ ഹരിദാസ്, ബാബു എന്നിവരെ തൃശൂരിലെ ആശുപത്രിയിലേയ്ക്കു മാറ്റി. ആകെ ഏഴു തൊഴിലാളികളാണു നിർമാണ പ്രവൃത്തികൾ നടത്തിയിരുന്നത്. സംഭവമറിഞ്ഞ് പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, ആരോഗ്യ വിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. സജിത്ത് എന്നിവർ സംഭവസ്ഥലത്തെത്തിയിരുന്നു.
വെട്ടുകാട് അഞ്ച് കെട്ടിട നിർമാണ തൊഴിലാളികൾക്കു തേനീച്ചക്കുത്തേറ്റു
12:44 AM Feb 07, 2023 | Deepika.com