പത്തനംതിട്ട: മേരിമാതാ ഫൊറോന ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും മധ്യസ്ഥ തിരുനാള്‍ 10 മുതല്‍ 13 വരെ നടക്കും.
പത്തിനു വൈകുന്നേരം 6.15ന് കൊടിയേറ്റോടുകൂടി തിരുനാള്‍ ആരംഭിക്കും. കൊടിയേറ്റിനുശേഷം മരിച്ചവര്‍ക്കുവേണ്ടിയുള്ള ആഘോഷമായ പരിശുദ്ധ കുർബാനയ്ക്ക് കുട്ടിക്കാനം സഹ്യാദ്രി ആയുർവേദ ആശുപത്രി ഡയറക്ടര്‍ ഫാ.ബ്രിജേഷ് പുറ്റുമണ്ണില്‍ കാർമികത്വം വഹിക്കും.
11ന് 3.30ന് വിവിധ സെറ്റുകളുടെ വാദ്യമേളങ്ങള്‍ പള്ളിയങ്കണത്തില്‍ നടക്കും. 4.30ന് സീറോ മലങ്കര ആരാധനക്രമത്തില്‍ നടക്കുന്ന ആഘോഷമായ കുർബാനയ്ക്ക് പത്തനംതിട്ട രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ഷാജി മാണികുളം മുഖ്യകാർമികത്വം വഹിക്കും. 6.30ന് വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ പള്ളിയുടെ കുരിശടിയില്‍ നടക്കുന്ന ലദീഞ്ഞ് കത്തീഡ്രല്‍ വികാരി ഫാ. ഏബ്രഹാം മണ്ണില്‍ നിര്‍വഹിക്കും. 8.30ന് പ്രദക്ഷിണം. പള്ളിയില്‍ തിരിച്ചെത്തി ലദീഞ്ഞും സമാപന ആശീര്‍വാദത്തിനും ശേഷം വാദ്യമേളങ്ങള്‍ നടക്കും.
12നു രാവിലെ 6.30ന് ഫാ. ജോസഫ് മമ്പള്ളില്‍ വിശുദ്ധ കുർബാന അര്‍പ്പിക്കും. 10 ന് ആഘോഷമായ തിരുനാള്‍ കുർബാനയ്ക്ക് റാന്നി ഇടമണ്‍ സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. ജേക്കബ് കൈപ്പന്‍പ്ലാക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. റാന്നി സിറ്റഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് മരുതോലില്‍ സന്ദേശം നല്‍കും. ദേവാലയാങ്കണത്തില്‍ പ്രദക്ഷിണവും ലദീഞ്ഞും നടക്കും. തുടര്‍ന്ന് മേരിമാതാ പബ്ലിക് സ്കൂളിന്റെ ബാന്റ് ഡിസ്പ്ലേയും നേര്‍ച്ചവിളമ്പും . രാത്രി ഏഴിന് മേരിമാതാ പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കാഞ്ഞിരപ്പള്ളി അമലാ കമ്യൂണിക്കേഷന്‍സിന്റെ "കടലാസിലെ ആന' എന്ന സാമൂഹികനാടകം നടക്കും.
13-ന് രാവിലെ 6.15ന് കൃതജ്ഞതാബലിയര്പ്പണത്തിനു ശേഷം കൊടിയിറക്കുന്നതോടെ തിരുനാള്കര്മങ്ങള് സമാപിക്കും. തിരുനാളിന്റെ നടത്തിപ്പിനുവേണ്ടി ഫൊറോനാ വികാരി ഫാ.ജേക്കബ് ചാത്തനാട്ട്, ജനറല്‍ കണ്‍വീനര്‍ ജസ്റ്റിന് പാലത്ര, കൈക്കാരന്മാരായ സി.പി. ജോയിച്ചൻ, ജോസി തെക്കുപുറം എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
മേരിമാതാ ഫൊറോന ദേവാലയത്തിൽ തിരുനാൾ
10:51 PM Feb 06, 2023 | Deepika.com