തൃശൂർ: ഗുണ്ടാപശ്ചാത്തലമുള്ളവരുടെ വാസസ്ഥലങ്ങളിലും മറ്റു കേന്ദ്രങ്ങളിലും വ്യാപക പരിശോധന നടത്തി സിറ്റി പോലീസ്. ക്രിമിനൽ പശ്ചാത്തലമുള്ളവർ താമസിക്കുന്ന 221 കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ കരുതൽ നടപടിയുടെ ഭാഗമായി 127 പേർക്കെതിരേ കേസെടുത്ത് നടപടികൾ സ്വീകരിച്ചു.
മുൻകാലങ്ങളിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളവർ പോലീസ് സ്റ്റേഷനുകളിലെ കെഡി ലിസ്റ്റിൽ ഉൾപ്പെട്ടവർ, ക്രമസമാധാന ലംഘംനം സൃഷ്ടിക്കാൻ സാധ്യതയുള്ളവർ തുടങ്ങിയവരുടെ താമസസ്ഥലങ്ങളിലും, മയക്കുമരുന്ന് വിൽപനക്കാരും ഗുണ്ടകളും തന്പടിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിലുമാണ് പരിശോധനകൾ നടത്തിയത്.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നാലിനു രാത്രി ആരംഭിച്ച പരിശോധന പുലർച്ചെവരെയും തുടർന്നു.
വിവിധ ക്രിമിനൽ കേസിൽ ഉൾപ്പെട്ട 10 പേരെയും കോടതിയിൽ നിന്നും ജാമ്യമെടുത്ത് മുങ്ങി നടന്നിരുന്ന 48 വാറണ്ട് പ്രതികളെയും റെയ്ഡിൽ പിടികൂടി. തൃശൂർ സിറ്റി പോലീസ് പരിധിയിലെ 20 പോലീസ് സ്റ്റേഷനുകളിലായി നടത്തിയ റെയ്ഡിന് അതാത് സ്റ്റേഷൻ ഹൌസ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് പരിശോധനകൾ സംഘടിപ്പിച്ചത്. പോലീസ് പരിശോധന നടത്തുന്പോൾ സ്ഥലത്തില്ലാതിരുന്ന ഗുണ്ടകളുടെ നടപ്പാവസ്ഥ വിശദ പരിശോധനക്ക് വിധേയമാക്കുമെന്നും ക്രമസമാധാന ലംഘനം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ഗുണ്ടകളുടെ വാസസ്ഥലത്ത് റെയ്ഡ്: 127 പേർക്കെതിരേ കേസെടുത്തു
01:18 AM Feb 06, 2023 | Deepika.com