മറ്റത്തൂർ: ഒരു മാസത്തോളമായി വലയുകയാണ് മറ്റത്തൂർ പഞ്ചായത്തിലെ പെരുന്പിള്ളിച്ചിറ, പുത്തനോളി, പത്തുകുളങ്ങര പ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങൾ.
പൈപ്പിൽ വെള്ളമെത്താതായതോടെ ഏറെദൂരം നടന്ന് കുടിവെള്ളം ശേഖരിക്കേണ്ട ഗതികേടിലാണ് ഇവിടത്തെ ജനങ്ങൾ. ഇഞ്ചക്കുണ്ട് കുടിവെള്ള പദ്ധതിയിൽ നിന്നാണ് പെരുന്പിള്ളിച്ചിറ, പുത്തനോളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തുന്നത്.
കുറുമാലി പുഴയോരത്തുള്ള കൽക്കുഴി പന്പ് ഹൗസിൽ നിന്ന് എത്തുന്ന വെള്ളം ഇഞ്ചക്കുണ്ടിലുള്ള ജലസംഭരണിയിൽ ശേഖരിച്ചാണ് പൈപ്പുവഴി വിതരണം ചെയ്യുന്നത്.
പെരുന്പിള്ളിച്ചിറയിൽ നിലവിലുള്ള മിനി കുടിവെള്ള പദ്ധതി പ്രവർത്തിക്കാത്തതും പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിനു കാരണമായിട്ടുണ്ട്.
വേനൽക്കാലമായാൽ ശുദ്ധജലക്ഷാമം നേരിടുന്ന പത്തുകുളങ്ങര, പുത്തനോളി, പെരുന്പിള്ളിച്ചിറ പ്രദേശങ്ങളിലെ കുടുംബങ്ങളിലേക്ക് ജലജീവൻ പദ്ധതി പ്രകാരം ഗാർഹിക കണക്ഷൻ നൽകിയിട്ടുണ്ട്.
എന്നാൽ കണക്ഷനുകളുടെ എണ്ണം വർധിച്ചതനുസരിച്ച് കുടിവെള്ള വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാത്തതും കാര്യക്ഷമമായ ജലവിതരണം മേഖലയിൽ അസാധ്യമാക്കുന്നു.
കുടിവെള്ളമെത്തുന്നില്ല...ജനങ്ങൾ ദുരിതത്തിൽ
01:06 AM Feb 05, 2023 | Deepika.com