ചെറുകോൽപ്പുഴ: 111-ാമത് അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഇന്നു പമ്പാ മണൽപ്പുറത്തെ ശ്രീ വിദ്യാധിരാജ നഗറിൽ ആരംഭിക്കും.
വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രയാണങ്ങൾ രാവിലെ ചെറുകോൽപ്പുഴയിലെത്തും. ഇവയെ സ്വീകരിച്ച് കൺവൻഷൻ നഗറിലേക്ക് ആനയിക്കും. തുടർന്ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ പതാക ഉയർത്തും.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ശിവഗിരി മഠം പ്രസിന്റ് സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയിൽ ശ്രീരംഗം മന്നാർഗുഡി ആശ്രമം മഠാധിപതി ത്രിദണ്ഡി ചെന്തലക്കര ചെമ്പക മന്നാർഗുഡി ജീയാർ സ്വാമി മതപരിഷത്ത് ഉദ്ഘാടനം ചെയ്യും.
കേന്ദ്രമന്ത്രി വി. മുളരീധരൻ പുരസ്കാര സമർപ്പണം നിർവഹിക്കും. നാളെ മുതൽ വിവിധ സമ്മേളനങ്ങൾ കൺവൻഷൻ നഗറിൽ നടക്കും.
നാളെ രാവിലെ 10ന് ധർമാചാര്യസഭ സ്വാമി ആധ്യാത്മാനന്ദ ഉദ്ഘാടനം ചെയ്യും. ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിന് സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
എട്ടിന് ഉച്ചകഴിഞ്ഞു മൂന്നിന് അയ്യപ്പഭക്ത സമ്മേളനം ദേവസ്വംബോർഡ് പ്രസിഡന്റ് കെ . അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. എം.ആർ. വീരമണിരാജു മുഖ്യാതിഥിയാകും.
ഒന്പതിന് ഉച്ചകഴിഞ്ഞ് പമ്പാനദി പുനരുജജീവന കർമസഭയിൽ കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിക്കും. ജി. അശോക് കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ മുഖ്യ പ്രഭാഷണം നടത്തും.
11നു രാവിലെ എട്ടിന് പമ്പാനദി സംരക്ഷണത്തിനും യുവതലമുറയെ മദ്യം, മയക്കു മരുന്ന് എന്നിവയിൽനിന്നു രക്ഷിക്കുന്നതിനുംവേണ്ടി ആറൻമുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നു മാരത്തൺ.
10ന് യുവജനസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. 12ന് ഉച്ചകഴിഞ്ഞ് 3.30ന് സമാപന സമ്മേളനം അനഘാമൃതാനന്ദപുരി സ്വാമിയുടെ അധ്യക്ഷതയിൽ ഗംഗോത്രി, കാളികാംബാൾ പീഠം മഠാധിപതി സ്വാമി പരമഹംസ പരിവ്രാജകാചാര്യ അനന്തശ്രീവിഭൂഷിത നാരായണതീർഥ ശങ്കരാചാര്യർ ഉദ്ഘാടനം ചെയ്യും.
ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഇന്നു മുതൽ
10:28 PM Feb 04, 2023 | Deepika.com