പത്തനംതിട്ട: കോഴഞ്ചേരിയിൽ നിർമാണത്തിലിരിക്കുന്ന സമാന്തര പാലത്തിന്റെ പൂർത്തീകരണ കരാർ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്. കോഴഞ്ചേരി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ടെന്‍ഡറില്‍ പങ്കെടുത്ത മൂന്നു പേരില്‍ നിന്ന് ഏറ്റവും കുറവ് ടെന്‍ഡര്‍ തുക രേഖപ്പെടുത്തിയ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ നിർമാണം ഏല്പിക്കാൻ തീരുമാനിച്ചു.
ടെൻഡറിൽ പങ്കെടുത്തവരിൽ പരിചയ സമ്പന്നത കുറഞ്ഞ കമ്പനിയെ അയോഗ്യരാക്കി. പിന്നീട് തുക കുറവ് ക്വോട്ട് ചെയ്തത് ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കരാർ ഉറപ്പിച്ചു.
പാലത്തിന്റെ നിര്‍മാണം പുനരാരംഭിക്കാന്‍ മൂന്നു തവണ ടെന്‍ഡര്‍ ചെയ്തിരുന്നു. മൂന്നു തവണയും മാനദണ്ഡപ്രകാരമുള്ള കരാറുകാരെ കിട്ടിയില്ല. ഇപ്പോള്‍ നാലാമത് വീണ്ടും ടെന്‍ഡര്‍ ഓപ്പണ്‍ ചെയ്തപ്പോഴാണ് ഊരാളുങ്കലിനെ തെരഞ്ഞെടുത്തത്. തുടര്‍നടപടികള്‍ എത്രയും വേഗത്തിലാക്കി പൂര്‍ത്തീകരിക്കുമെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മാരാമണ്‍ ഭാഗത്തെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. സ്ഥല ഉടമകള്‍ക്കുള്ള തുക കൈമാറിയതായും മന്ത്രി പറഞ്ഞു.
കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമാണം തുടങ്ങിയ പാലത്തിന്റെ തൂണുകൾ പൂർത്തിയാക്കിയതിനു പിന്നാലെ ഉണ്ടായ കാലതാമസം കാരണം ആദ്യ കരാറുകാരൻ പണി ഉപേക്ഷിച്ചിരുന്നു. പിന്നാലെയാണ് പണികൾ റീ ടെൻഡർ ചെയ്തത്.
കോഴഞ്ചേരി പാലം നിര്‍മാണക്കരാർ ഊരാളുങ്കല്‍ സൊസൈറ്റിക്ക്
10:28 PM Feb 04, 2023 | Deepika.com