സ്വന്തം ലേഖകൻ
തൃശൂർ: അങ്കത്തട്ടിൽ ഇടിയുടെ പൊടിപൂരം തീർക്കുന്ന തൃശൂരിന്റെ മേരി കോമിന് ആദരമേകാൻ ഗോൾമഴയുടെ വസന്തം തീർക്കുന്ന കാൽപന്തുകളിയുടെ രാജകുമാരനും. സംസ്ഥാന സ്കൂൾ ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ സ്വർണം നേടിയ അഞ്ചേരി കോഴിമഠത്തിൽ രമേഷിന്റെ മകൾ ലക്ഷ്മിയെ ഫുട്ബോൾ താരം എെ.എം. വിജയൻ വീട്ടിലെത്തിയാണ് അഭിനന്ദിച്ചത്. തൃശൂർ ടൗണിൽ ഫാൻസികട നടത്തുകയാണ് പിതാവ് രമേഷ്.
ബോക്സിംഗിൽ തുടർച്ചയായി നേട്ടങ്ങൾ കൊയ്യുന്ന ലക്ഷ്മി തൃശൂരിന്റെ അഭിമാനതാരമായി മാറുകയാണ്. കഴിഞ്ഞ ജൂലൈയിൽ കോഴിക്കോട്ടു നടന്ന സംസ്ഥാന അമേച്വർ കായികമേളയിലും സ്വർണം നേടിയിരുന്നു. ദേശീയ ഗെയിംസിലും കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു. ചിത്രകാരികൂടിയാണ് ലക്ഷ്മി. തൃശൂർ മാർതോമ എച്ച്എസ്എസിലെ പ്ലസ്വൺ വിദ്യാർഥിനിയാണ്. ലക്ഷ്മിയുടെ അധ്യാപകർ, സഹപാഠികൾ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ, ഏഷ്യാനെറ്റ് കോമഡി സ്റ്റാർ ഫെയിം സുധീഷ് അഞ്ചേരി, കെ.സി. വിനോദ്, ടി.വി. കണ്ണൻ എന്നിവരും എെ.എം. വിജയനോടൊപ്പം വീട്ടിൽ എത്തിയിരുന്നു.
വീണയാണു ലക്ഷ്മിയുടെ അമ്മ. ദേവ, ശ്രീപാർവതി, മാധവ് മഹേശ്വർ എന്നിവർ സഹോദരങ്ങളാണ്.
തൃശൂരിന്റെ മേരി കോമിന് ആദരമേകി കാൽപന്തുകളിയുടെ രാജകുമാരൻ
01:14 AM Feb 04, 2023 | Deepika.com