കൊരട്ടി: 35 ഗ്രാം എംഡി.എം.എ. പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പരിയാരം സ്വദേശി അറയ്ക്കൽ വീട്ടിൽ മാർട്ടിൻ (26) എന്നയാളെയാണ് കൊരട്ടി സി.ഐ.ബി.കെ അരുണും സംഘവും അറസ്റ്റ് ചെയ്തത്.
മേലൂർ കുന്നപ്പിള്ളി ദേവരാജഗിരി ക്ഷേത്രത്തിന് സമീപം ബോംബെ തലയൻ ഷാജി എന്ന ചക്കാലയ്ക്കൽ ഷാജി (48) യുടെ വീട്ടിൽ ഇക്കഴിഞ്ഞ ഡിസംബർ 31 ന് കൊരട്ടി പോലീസ് നടത്തിയ പരിശോധനയിൽ സിന്തറ്റിക് മയക്കുമരുന്നായ 35ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തിരുന്നു. രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട് കേന്ദ്രീകരിച്ച് പരിശോധന നടത്താൻ ഒരുങ്ങുന്നതിനിടെ ബൈക്കിൽ എംഡിഎംഎ യുമായി പോയ പോട്ട ഉറുന്പൻ ക്കുന്ന് സ്വദേശി പയ്യപ്പിള്ളി ബോബൻ(37), പടിഞ്ഞാറെ ചാലക്കുടി പനഞ്ചിക്കൽ നിധിൻ(30)എന്നിവരെയും അന്ന് പോലീസ് പിടികൂടിയിരുന്നു. മുഖ്യ പ്രതി ബോംബെ തലയൻ ഷാജിയുടെ ഫോണ് രേഖകളും മറ്റും വച്ച് പോലീസ് നടത്തിയ പഴുതടച്ച ശാസ്ത്രീയ അന്വേഷണത്തിലാണ് മാർട്ടിൻ അറസ്റ്റിലായത്. പരിയാരത്തെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
വിവിധയിടങ്ങളിൽ നിന്നും എം.ഡി.എം.എ.ശേഖരിക്കുന്നതിനും മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുന്നതിനും സാന്പത്തിക ഇടപാടുകൾക്കും മറ്റും മാർട്ടിൻ കൂട്ടുനിന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും ചാലക്കുടിയിലും അടക്കം മൂന്നു കഞ്ചാവ് കേസുകളിൽ ഇയാൾ പ്രതിയാണെന്നും ജയിലിൽ കിടന്നതായും പോലീസ് പറഞ്ഞു. ദുർന്നടപ്പ് സ്വഭാവമുള്ള കേസിൽ നല്ലനടപ്പ് ജാമ്യത്തിലായിരുന്നു. അടുത്തിടെ പാലക്കാട് പിടിച്ച കഞ്ചാവു കേസിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഇയാളുടെ സാന്പത്തിക ഇടപാടുകളും മറ്റു ബന്ധങ്ങളും പോലീസ് അന്വേഷിക്കുമെന്ന് സി.ഐ.ബി.കെ.അരുണ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ പ്രിൻസിപ്പൽ എസ്.ഐ.ഷാജു എടത്താടൻ, സീനിയർ സി.പി.ഒ.മാരായ പി.കെ.സജീഷ്, വി.ആർ.രഞ്ജിത്ത്, ജിബിൻ വർഗീസ്, അനൂപ് ദേവസി എന്നിവരും ഡാൻസാഫ് ടീമും ഉണ്ടായിരുന്നു.
35 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
01:09 AM Feb 04, 2023 | Deepika.com