തൃശൂർ: പ്രായം 62 ആണെങ്കിലും വേദിയിലെ നൃത്തം കണ്ട് പലരും ചോദിച്ചു. ഇത് റിട്ടയേഡ് അധ്യാപികയാണോ, അതോ വയസ് തിരിച്ചിട്ടതാണോ..! ചെന്പുക്കാവ് ചെറുമുക്ക് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഏകാദശി ഉത്സവത്തോടനുബന്ധിച്ചായിരുന്നു തൃശൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ നിന്നു റിട്ടയർ ചെയ്ത ചെറുമുക്ക് അന്പലത്തിനടുത്തു താമസിക്കുന്ന ശാരിമോൾ ഭരതനാട്യം അരങ്ങേറ്റം നടത്തിയത്. പൂങ്കുന്നം ബാലാജി കലാഭവനിലെ വിജയലക്ഷ്മി ടീച്ചറിൽ നിന്നാണ് ഭരതനാട്യം അഭ്യസിച്ചത്. ചെറുപ്പം മുതൽ നൃത്തത്തിൽ താല്പര്യമുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല.
ജോലിയിൽനിന്നു വിരമിച്ച് സ്വസ്ഥമായപ്പോൾ ടീച്ചർ പഴയ ആഗ്രഹം വീണ്ടും പൊടിതട്ടിയെടുത്തു. വിജയലക്ഷ്മി ടീച്ചറോട് തന്റെ ആഗ്രഹം അറിയിച്ചു. പ്രായമല്ല മനസാണ് പ്രധാനം എന്ന ഗുരുവിന്റെ പ്രോത്സാഹനം കൂടിയായപ്പോൾ ശാരിമോൾ നൃത്തം പഠിക്കാൻ തന്നെ തീരുമാനിച്ചു. കഠിന പ്രയത്നത്തിനൊടുവിൽ സ്വന്തം തട്ടകത്തുള്ള ക്ഷേത്രനടയിൽ അരങ്ങേറ്റം. അജിത് കുറുവത്താണ് ഭർത്താവ്. രണ്ടു മക്കൾ വിവാഹിതരാണ്. ഡിവിഷൻ കൗണ്‍സിലർ റെജി ജോയ് വീട്ടിലെത്തി ശാരി ടീച്ചറെ അനുമോദിച്ചു.
പ്രായം 62; യുവത്വം തിരിച്ചുപിടിച്ച് റിട്ട. അധ്യാപികയുടെ ഭരതനാട്യം
01:00 AM Feb 03, 2023 | Deepika.com