കോഴഞ്ചേരി: യുഡിഎഫ് ഭരണത്തിലുള്ള കോഴഞ്ചേരിയില്‍ പ്രസിഡന്റ് ജിജി വര്‍ഗീസ് ജോൺ സ്ഥാനമൊഴിയുന്നതു സംബന്ധിച്ച തീരുമാനമായില്ല. ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനമൊഴിയണമെന്ന് കേരള കോൺഗ്രസ് ഔദ്യോഗികമായി യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു.
യുഡിഎഫ് ധാരണ പ്രകാരം ഒരുമാസം മുമ്പ് പ്രസിഡന്റ് സ്ഥാനമൊഴിയേണ്ടതായിരുന്നെങ്കിലും കുറച്ചു ദിവസങ്ങള്‍ സാവകാശം തേടിയിരുന്നു. കേരള കോണ്‍ഗ്രസിനാണ് അടുത്ത ഊഴം.
യുഡിഎഫിനു വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഭരണസമിതിയില്‍ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള അവ്യക്തത നീങ്ങിയിട്ടില്ല. സ്വതന്ത്രന്റെ പിന്തുണയിലാണ് ഭരണം തുടരുന്നത്.
13 അംഗ ഭരണസമിതിയിൽ യുഡിഎഫിനും എൽഡിഎഫിനും അഞ്ചുവീതം അംഗങ്ങളാണുള്ളത്. ബിജെപിക്ക് രണ്ടും ഒരു സ്വതന്ത്രനുമാണുള്ളത്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജിജി വർഗീസിനെ സ്വതന്ത്രാംഗം ടി.ടി. വാസു പിന്തുണച്ചിരുന്നു. എന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അംഗബലം തുല്യമായതോടെ നറുക്കെടുപ്പ് വേണ്ടിവന്നു. റോയി ഫിലിപ്പിനെ പ്രസിഡന്റാക്കണമെന്നാണ് കേരള കോൺഗ്രസ് ആവശ്യം.
അടുത്ത ഒരുവർഷം സ്വതന്ത്രാംഗം ടി.ടി. വാസു പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിക്കാൻ കേരള കോൺഗ്രസ് തയാറായതുമില്ല. കേരള കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിൽ വാസു നിലപാട് വ്യക്തമാക്കാത്തതാണ് സ്ഥാനമൊഴിയൽ വൈകിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
കോഴഞ്ചേരിയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കേരള കോൺഗ്രസ്
10:23 PM Feb 02, 2023 | Deepika.com