ഓമല്ലൂർ: മനുഷ്യന്റെ ചിന്തകളുടെയും സ്വത്വ രൂപീകരണത്തിന്റെയും അടിസ്ഥാനം പ്രാഥമിക വിദ്യാഭ്യാസമാണെന്നു കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിന്റെ നവതി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാം ജീവിക്കുന്ന സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പൈതൃകവും ഒത്തൊരുമയുമെല്ലാം മനുഷ്യമനസുകളിലേക്ക് കയറിക്കൂടുന്നതും സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിലാണ്. വ്യക്തിത്വ രൂപീകരണത്തിനു സഹായിക്കുന്ന ഇത്തരം ഘടകങ്ങളെ തലമുറകളിലേക്ക് ആവാഹിച്ചു നൽകാൻ കഴിഞ്ഞുവെന്നതാണ് ലോകത്തിനു തന്നെ മാതൃകയായി ഭാരതത്തിൽ ഐക്യചിന്ത പുലരുന്നതെന്നും കാതോലിക്ക ബാവ പറഞ്ഞു.
സ്വന്തം സംസ്കാരത്തിൽ അഭിമാനിക്കുന്നതിനൊപ്പം ഭാരതത്തിന്റെ ആത്മാവിനെ കണ്ടെത്തുന്ന പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ സജ്ജരാക്കുകയെന്നതും ആര്യഭാരതി സ്കൂൾ മുറുകെപിടിച്ചിട്ടുള്ള ലക്ഷ്യങ്ങളിലൊന്നാണെന്നും കാതോലിക്കാ ബാവ ചൂണ്ടിക്കാട്ടി.
പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സ്കൂളിലെ മുൻ അധ്യാപകരുടെ ഫോട്ടോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അനാച്ഛാദനം ചെയ്തു. ഗുരുവന്ദനം തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറാൾ മോൺ. ഡോ. വർക്കി ആറ്റുപുറത്തും നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബും നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, രൂപത സ്കൂൾസ് കറസ്പോണ്ടന്റ് ഫാ. വർഗീസ് കാലായിൽവടക്കേതിൽ, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്തംഗം വി.ജി. ശ്രീവിദ്യ, ഗ്രാമപഞ്ചായത്തംഗം കെ. അന്പിളി, മുൻ മാനേജ്മെന്റ് പ്രതിനിധി രത്നമ്മ കലേശൻ നായർ, ഹെഡ്മാസ്റ്റർ ലിജു ജോർജ്, ലോക്കൽ മാനേജർ ഫാ. വർഗീസ് ചാമക്കാലായിൽ, സ്റ്റാഫ് സെക്രട്ടറി എബിമോൻ എൻ. ജോൺ, പിടിഎ പ്രസിഡന്റ് തോമസ് മാത്യു, സ്കൂൾ ലീഡർ എസ്. ആവണി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി സ്കൂളിൽ നിന്നു സമ്മേളന നഗറിലേക്കു നടന്ന റാലി റവ. ഡോ. തോമസ് കുഴിനാപ്പുറത്ത് ഫ്ളാഗ് ഓഫ് ചെയ്തു.
സ്കൂളിലെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്നു രാവിലെ പത്തിന് പത്തനംതിട്ട രൂപത വികാരി ജനറാൾ മോൺ. ഡോ. ഷാജി മാണികുളം ഉദ്ഘാടനം ചെയ്യും.
മനുഷ്യചിന്തകളെ രൂപപ്പെടുത്തുന്നതിൽ സ്കൂൾ വിദ്യാഭ്യാസത്തിനു വലിയ പങ്ക്: ക്ലീമിസ് കാതോലിക്കാ ബാവ
10:23 PM Feb 02, 2023 | Deepika.com