പുതുക്കാട്: റെയിൽവേ സ്റ്റേഷൻ റോഡിൽ നിയന്ത്രണംവിട്ട ലോറി കടകളിലേക്ക് ഇടിച്ചുകയറി. ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തെ കയറ്റത്ത് ബ്രേക്ക് നഷ്ടപ്പെട്ട ലോറി നൂറ് മീറ്ററിലേറെ പുറകിലേക്ക് വന്നാണ് അപകടത്തിൽപ്പെട്ടത്. പുതുക്കാട് പള്ളിയുടെ മതിലിൽ ഇടിച്ച ലോറി സമീപത്തുള്ള മെഡിക്കൽ ഷോപ്പ്, ഫ്ളവർ മിൽ, ലബോറട്ടറി എന്നിവിടങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയത്ത് സ്ഥാപനങ്ങൾ തുറക്കാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല. പാഴായി ഭാഗത്തേക്ക് കളിമണ്ണ് കൊണ്ടുപോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കയറ്റത്ത് ബ്രേക്ക് നഷ്ടപ്പെട്ടയുടനെ ക്ലീനർ ഇറങ്ങി പിന്നിലുള്ള വാഹനങ്ങൾ നിയന്ത്രിച്ചത് മൂലം വൻ ദുരന്തം ഒഴിവായി. പിന്നിലേക്ക് പാഞ്ഞുവരുന്ന ലോറി കണ്ട് ആളുകൾ ഓടിമാറി. പുതുക്കാട് പോലീസ് സ്ഥലത്തെത്തി.
റെയിൽവേ സ്റ്റേഷൻ റോഡിൽ പള്ളിക്ക് സമീപം പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. പുതുക്കാട് തെക്കെ തൊറവ് വടക്കൂട്ട് ഗോപിയുടെ മകൻ അജിത്തി(31)നാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. പാഴായി ഭാഗത്തുനിന്ന് വന്നിരുന്ന പിക്കപ്പ് വളവിൽ അശ്രദ്ധമായി കയറിവന്നതാണ് അപകടത്തിന് കാരണം. പുതുക്കാട് നിന്ന് വന്നിരുന്ന ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ അജിത്തിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതുക്കാട് റെയിൽവേ സ്റ്റേഷൻ റോഡിൽ തുടര്‍ അപകടം
12:50 AM Feb 02, 2023 | Deepika.com