പത്തനംതിട്ട: ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂൾ നവതി ആഘോഷങ്ങളുടെ സമാപനം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 1.30ന് സ്കൂൾ അങ്കണത്തിൽ നിന്നാരംഭിക്കുന്ന റാലിയോടെ സമാപന പരിപാടികൾക്ക് തുടക്കമാകും. ഫാ.ഡോ. തോമസ് കുഴിനാപ്പുറത്ത് റാലി ഫ്ലാഗ് ഓഫ് ചെയ്യും.
രണ്ടിന് ഓമല്ലൂർ ദർശന ഓഡിറ്റോറിയത്തിൽ നവതി സമാപന സമ്മേളനം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. നവീകരിച്ച ലൈബ്രറി ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. മുൻ അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരനും ഗുരുവന്ദനം തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറാൾ മോൺ. ഡോ. വർക്കി ആറ്റുപുറത്തും നിർവഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, എംഎസ്സി സ്കൂൾസ് കറസ്പോണ്ടന്റ് ഫാ. വർഗീസ് കാലായിൽ വടക്കേതിൽ, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്തംഗം വി.ജി. ശ്രീവിദ്യ, വാർഡ് മെംബർ കെ. അന്പിളി, ഡിഡിഇ എം.എസ്. രേണുകാഭായ്, ഡിഇഒ പി.ആർ. ഷീലാകുമാരിയമ്മ, കലേശൻ നായർ, തോമസ് മാത്യു, എസ്. ആവണി തുടങ്ങിയവർ പ്രസംഗിക്കും.
1932ൽ കടുവിനാൽ പാച്ചുനായർ സംസ്കൃത വിദ്യാലയമായി ആരംഭിച്ച ആര്യഭാരതി 1964ലാണ് മലങ്കര കത്തോലിക്ക സഭ ഏറ്റെടുത്തത്. സമൂഹത്തിന്റെ വിവിധതുറകളിൽപെട്ട നിരവധി പ്രമുഖർ ആര്യഭാരതി സ്കൂളിലെ പൂർവവിദ്യാർഥികളായുണ്ടെന്ന് ലോക്കൽ മാനേജർ ഫാ. വർഗീസ് ചാമക്കാലായിലും ഹെഡ്മാസ്റ്റർ ലിജു ജോർജും പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്കൂളിന്റെ ഇക്കൊല്ലത്തെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നാളെ രാവിലെ പത്തിന് നടക്കും. പത്തനംതിട്ട രൂപത വികാരി ജനറാൾ മോൺ. ഡോ. ഷാജി മാണികുളം ഉദ്ഘാടനം ചെയ്യും.
അധ്യാപിക ഡി. മിനിമോൾ, സീനിയർ ക്ലാർക്ക് ബെന്നി ഫിലിപ്പ് എന്നിവർക്ക് യോഗത്തിൽ യാത്രയയപ്പ് നൽകും. തുടർന്ന് കലാവിരുന്നും ഉണ്ടാകും.
പിടിഎ പ്രസിഡന്റ് തോമസ് മാത്യു, പിആർഒ ഫാ. സഖറിയാസ് പുഷ്പവിലാസം, സ്റ്റാഫ് സെക്രട്ടറി എബിമോൻ എൻ. ജോൺ, ജനറൽ കൺവീനർ ബിന്ദു ഏബ്രഹാം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂൾ നവതി സമാപനം ഇന്ന്
10:19 PM Feb 01, 2023 | Deepika.com