മേലൂർ: മേലൂർ -അടിച്ചിലി പ്രധാന റോഡ് ബിഎം ആൻഡ് ബിസി ടാറിംഗ് നടത്തി മികച്ചതാക്കിയതിനു പിന്നാലെ വിവിധ ഭാഗങ്ങളിൽ പൈപ്പുകൾ പൊട്ടി റോഡ് പൊളിഞ്ഞു. തകരാർ പരിഹരിക്കാൻ കുഴിയെടുത്തത് ശരിയായി മൂടാത്തതാണ് ഗർത്തം രൂപപ്പെട്ടുവാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു.
റോഡിൽ ഇരുപതിലധികം പ്രദേശങ്ങളിൽ കുഴികളുണ്ട്. കഴിഞ്ഞ ദിവസം പിണ്ടാണി കരിങ്ങാന്പിള്ളി ബസ് സ്റ്റോപ്പിന് സമീപമുള്ള കുഴിയിൽ ഇരുചക്ര വാഹനയാത്രക്കാരി വീണിരുന്നു. അധികൃതരുടെ അനാസ്ഥയാണെന്ന് യാത്രക്കാർ ആരോപിച്ചു.
മേലൂർ - നടുത്തുരുത്ത് റോഡ് ടാറിംഗ് നടത്തിയത് ദിവസങ്ങൾക്ക് മുന്പാണ്. ഇവിടെയും ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴായി. തകരാർ പരിഹരിക്കാൻ ഇനിയിവിടെ കുത്തി പൊളിക്കേണ്ട സ്ഥിതിയാണ്. മേലൂർ പഞ്ചായത്തിലെ വിവിധ മേഖലകളിലും ഈ പ്രശ്നമുണ്ട്.
കാലപ്പഴക്കം വന്ന ജല അഥോറിറ്റിയുടെ പ്രധാന പൈപ്പുകൾ നീക്കം ചെയ്യാതെയാണ് ടാറിംഗ് നടത്തിയത്.
പ്രശ്ന പരിഹാരത്തിനായി കൊണ്ടുവന്ന പൈപ്പുകളും വഴിയരികിൽ കാടുകയറി കിടക്കുന്നു.
ജീവന് ഭീഷണി നേരിടുന്ന റോഡിലെ കുഴികൾ അടിയന്തരമായി ടാറിംഗ് നടത്തിയോ താൽകാലികമായി കോണ്ക്രീറ്റ് ചെയ്തോ മൂടുവാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
ജല അഥോറിറ്റി പൈപ്പിന്റെ തകരാർ പരിഹരിക്കാൻ കുഴിയെടുക്കൽ തകൃതി
12:38 AM Feb 01, 2023 | Deepika.com