ചാലക്കുടി: മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസിന്റെ എഞ്ചിനുള്ളിൽ ഉപ്പും ബേബിമെറ്റലും വാരിയിട്ട് നശിപ്പിച്ച നിലയിൽ. ഇന്നലെ രാത്രി ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത വെറ്റിലപ്പാറ- കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന അൽ ആമീൻ ബസിന്റെ എൻജിനുള്ളിലാണ് സാമൂഹിക വിരുദ്ധർ ബേബി മെറ്റലും ഉപ്പും വാരിയിട്ടത്. രാവിലെ ബസ് ജീവനക്കാർ വാഹനം എടുക്കാൻ വന്നപ്പോളാണ് സംഭവമറിയുന്നത്.
കുറച്ചു ദിവസം മുൻപ് മറ്റു ചില ബസ് ഉടമകളുമായി വാഹനം വാങ്ങിയതിന്റെ ഇടപാടുമായി ചൊല്ലി തർക്കമുണ്ടായിരുന്നു.
നിലവിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തു സിസിടിവി ഇല്ലാത്തതിനാൽ സംഭവം ചെയ്തത് ആരാണെന്ന് വ്യക്തമല്ല.
ബസ് സ്റ്റാൻഡിൽ സിസിടിവി ഘടിപ്പിക്കണമെന്നും ആവശ്യത്തിന് വെളിച്ചം ലഭിക്കുവാനുള്ള സംവിധാനം ഒരുക്കണമെന്നും ഏറെ നാളുകളായി അധികാരികളോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ബസ് ജീവനക്കാർ കുറ്റപ്പെടുത്തി.
ഇത് ചെയ്ത സാമൂഹിക വിരുദ്ധരെ എത്രയും പെട്ടന്ന് കണ്ടു പിടിക്കണമെന്നും വാഹനം സഞ്ചാരയോഗമാക്കുവാൻ ഏകദേശം 80,000 രൂപയുടെ ചെലവ് വരുമെന്നും ബസുടമ സിബിൻ കെ. അസീസ് പറഞ്ഞു.
ബസിന്റെ എഞ്ചിനുള്ളിൽ ഉപ്പും ബേബി മെറ്റലും വാരിയിട്ട് നശിപ്പിച്ച നിലയിൽ
12:38 AM Feb 01, 2023 | Deepika.com