പെരിന്തൽമണ്ണ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ആരംഭിക്കുന്ന സ്പർശ് - കുഷ്ഠരോഗ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല മെഡിക്കൽ ഓഫീസിന്റെയും പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം എംഇഎസ് മെഡിക്കൽ കോളജിൽ ജില്ല മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക നിർവഹിച്ചു.
എംഇഎസ് മെഡിക്കൽ കോളജ് ഡയറക്ടർ ഡോ.പി.എ. ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു. എം ഇഎസ് മെഡിക്കൽ കോളജിൽ കുഷ്ഠരോഗ നിർണയ പരിശോധനകളും അനുബന്ധമായ ഏത് തരം ചികിത്സകളും പൂർണമായും സൗജന്യമായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനായി ത്വക്ക് രോഗവിഭാഗത്തിൽ ’അശ്വമേധം’ എന്ന പേരിൽ പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തും. ജില്ല ലെപ്രസി ഓഫീസർ ഡോ.കെ.എം. നൂന മർജ ജില്ലയിലെ കുഷ്ഠരോഗ നിർമാർജന പ്രവർത്തനങ്ങൾ വിവരിച്ചു. സ്പർശ് പരിപാടിയെക്കുറിച്ച് അസി. ലെപ്രസി ഓഫീസർ വി.കെ. അബ്ദുൽ സത്താർ ക്ലാസെടുത്തു.
എംഇഎസ് കോളജ് ത്വക്ക് രോഗ വിഭാഗം മേധാവി ഡോ.കെ. മുഹമ്മദ്, ഡീൻ ഡോ. ഗിരീഷ് രാജ്, മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് സാജിദ്, ഡെപ്യൂട്ടി രജിസ്ട്രാർ ഡോ. അലി റിഷാദ്, ഡോ. അബൂബക്കർ തയ്യിൽ ത്വക് രോഗ വിഭാഗം പ്രൊഫസർ ഡോ. ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർ സംബന്ധിച്ചു. 13 വരെ നീണ്ടു നിൽക്കുന്ന സ്പർശിന്റെ ഭാഗമായി കലാപ്രകടനങ്ങൾ, ബോധവത്കരണം, പ്രദർശനങ്ങൾ, ജില്ലയിലെ മുഴുവൻ നഗരസഭകളിലും ചർമ്മ രോഗനിർണയ ക്യാന്പുകൾ തുടങ്ങിയവ നടക്കും.
സ്പർശ് 2023: ജില്ലാതല ഉദ്ഘാടനം നടത്തി
12:03 AM Feb 01, 2023 | Deepika.com