മാള: പൊയ്യയിൽ ഉണ്ടായ വൻതീപിടിത്തം പരിഭ്രാന്തി പരത്തി. പത്തേക്കർ പറന്പ് തീ പടർന്ന് കത്തി. ജനവാസ മേഖലക്കു സമീപമുണ്ടായ തീപിടുത്തത്തിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്.
പൊയ്യ പഞ്ചായത്തിലെ വാർഡ് 12ലെ താഴ് വാരം പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ 10 ഏക്കർ വരുന്ന ആളൊഴിഞ്ഞ പറന്പിലാണ് തീ പടർന്നത്. വൈദ്യുതി ലൈൻ ഇതിന് നടുവിലൂടെ പോകുന്നുണ്ട്. ഇത് ഷോർട്ട് ആയതാണ് തീപിടിത്തത്തിനു കാരണമെന്നറിയുന്നു.
അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ എത്തിയാണ് തീ കെടുത്തിയത്. പറന്പിലെ ചെറിയ തെങ്ങുകൾ കത്തി നശിച്ചു. താഴെ കൂട്ടിയിട്ടിരുന്ന നിരവധി നാളികേരങ്ങളും അഗ്നിക്കിരയായി. അതേസമയം ആളപായം ഇല്ല.
തീപിടിത്തത്തെ തുടർന്ന് നാട്ടുകാർ ക്ഷുഭിതരായി. ഉടമയെ വിളിച്ചുവരുത്തി ശേഷിക്കുന്ന പുല്ലുകൾ ഉടൻ വെട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇതിന് നടപടി സ്വീകരിക്കുമെന്ന് ഉടമ ഉറപ്പു നൽകിയതോടെയാണ് നാട്ടുകാർ പിരിഞ്ഞുപോയത്.
പൊയ്യയിൽ തീപിടിത്തം; പത്ത് ഏക്കർ പറന്പ് കത്തി
12:47 AM Jan 31, 2023 | Deepika.com