താനൂർ: ഉണ്യാൽ ബീച്ചിലെ ടൂറിസം പദ്ധതി ഗ്രാമത്തിന്റെ സമഗ്ര വികസനത്തിനു വഴിയൊരുക്കുമെന്നു കായിക, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അഭിപ്രായപ്പെട്ടു.
ശ്യാമപ്രസാദ് മുഖർജി റൂർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2.62 കോടി ചെലവിൽ നിറമരുതൂർ പഞ്ചായത്തിലെ ഉണ്യാൽ ബീച്ചിൽ നടപ്പാക്കുന്ന ടൂറിസം പദ്ധതി ഒന്നാം ഘട്ടം പ്രവൃത്തി ഉദ്ഘാടനം ഉണ്യാൽ അഴീക്കലിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴീക്കൽ തടാകത്തിലൂടെ ബോട്ടിംഗ് ആരംഭിച്ചു കഴിഞ്ഞാൽ കനോലി കനാലുവരെ അതു ഉപയോഗപ്പെടുത്താനാകും.
അതിനായി റോഡിനടിയിലൂടെ ജലപാത നിർമിക്കും. പദ്ധതി യാഥാർഥ്യമായി സഞ്ചാരികൾ വരുന്നതോടുകൂടി സമീപവാസികൾക്കും ചെറുകിട കച്ചവടക്കാർക്കും സാന്പത്തികമായി സഹായകമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.ഒന്നാംഘട്ട പ്രവൃത്തിയുടെ ഭാഗമായി ഉണ്യാൽ അഴീക്കൽ തടാകം ബോട്ടിംഗിനായി ആഴം വർധിപ്പിക്കാൻ തടാക തീരത്തിന് സമാന്തരമായി 137 മീറ്റർ നീളത്തിലും മൂന്നു മീറ്റർ വീതിയിലുമുള്ള നടപ്പാത, ഷോപ്പിംഗ്, ഭക്ഷണശാലകൾ എന്നിവക്കായി കടമുറികൾ, ശൗച്യാലയം എന്നിവ അടങ്ങുന്ന കെട്ടിടസമുച്ചയം, വെള്ളത്തിലൂടെ നെതർലാൻഡ് മോഡൽ നടപ്പാത എന്നിവ ഉൾപ്പെടുന്നു. ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടമായി ഉണ്യാൽ ബീച്ച് സൗന്ദര്യവത്ക്കരണത്തിന് 3.2 കോടിയുടെ പദ്ധതിയും അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ പ്രവൃത്തിയും വൈകാതെ തുടങ്ങും. കൂടാതെ എംഎൽഎ ആസ്തി വികസന പദ്ധതിയിൽ നിന്നു അന്പതു ലക്ഷം വേറെയും അനുവദിച്ചിട്ടുണ്ട്. ഉണ്യാൽ മേഖലയുടെ ടൂറിസം വികസനത്തിന് വലിയൊരു വഴിത്തിരിവായിരിക്കും ഈ പദ്ധതി. ചടങ്ങിൽ നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൽമത്ത് മുഖ്യാതിഥിയായിരുന്നു. ഹാർബർ എൻജിനീയറിംഗ് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ മുഹമ്മദ് അൻസാരി റിപ്പോർട്ട് അവതരിപ്പിച്ചു. നിറമരുതൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി സൈതലവി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ഇ.എം ഇക്ബാൽ, താനൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ പ്രേമ, നിറമരുതൂർ ഗ്രാമപഞ്ചായത്ത് മെംബർ പി ഷഹദുള്ള, ബ്ലോക്ക് ഡെവലപ്മെന്റ്് ഓഫീസർ എസ്. ജോസ്കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
ഉണ്യാൽ ബീച്ചിൽ ടൂറിസം പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു
12:04 AM Jan 31, 2023 | Deepika.com