നിലന്പൂർ: ചാലിയാർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോ തെറാപ്പി യൂണിറ്റ്, ട്രൈബൽ മൊബൈൽ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു.
ആശുപത്രി പരിസരത്ത് നടന്ന പരിപാടി പി.കെ. ബഷീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക പദ്ധതി വിശദീകരിച്ചു. നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി മുഖ്യാതിഥിയായിരുന്നു.
ആരോഗ്യ കേരളം പദ്ധതി ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ.എ. കരീം, ചാലിയാർ പഞ്ചായത്ത് ഉപാധ്യക്ഷ ഗീത ദേവദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സഹിൽ അകന്പാടം, സീനത്ത് നൗഷാദ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സുമയ്യ പൊന്നാങ്കടവൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികളുള്ള ചാലിയാർ പഞ്ചായത്തിന്റെ വിവിധ ആദിവാസി ഊരുകളിൽ ഇതോടെ ട്രൈബൽ മൊബൈൽ യൂണിറ്റിന്റെ സേവനമെത്തും. ആരോഗ്യ കേരളത്തിന്റെ ട്രൈബൽ പദ്ധതി വഴിയാണ് പുതിയ വാഹനം ലഭിച്ചത്. ആദിവാസി കോളനിക്കാർക്ക് ഇനി മുതൽ കാടിറങ്ങാതെ തന്നെ ആരോഗ്യ സേവനം ലഭ്യമാകും. സാന്ത്വന പരിചരണത്തിന് കൂടുതൽ കരുതൽ നൽകിയാണ് ഫിസിയോ തെറാപ്പി യൂണിറ്റ് തുടങ്ങുന്നത്.
ഫിസിയോ തെറാപ്പി; ട്രൈബൽ മൊബൈൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
12:04 AM Jan 31, 2023 | Deepika.com