ഇരിങ്ങാലക്കുട: കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് മിഷണറിമാർ നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ ഹയർസെക്കൻഡറി സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സമഗ്ര വിദ്യാഭ്യാസം മുഖമുദ്രയാക്കിയ സ്ഥാപനമാണ് ഡോണ്‍ ബോസ്കോ. ഗുണമേന്മയുള്ള വിദ്യാഭ്യാസം കാംക്ഷിച്ചിരുന്ന കേരളത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ പഠിച്ചിരുന്നു വെന്നതു തന്നെ ഡോണ്‍ബോസ്കോയുടെ നിലവാരം വ്യക്തമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഇരിങ്ങാക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. ഡോണ്‍ബോസ്കോയിലെ ആത്മീയ അന്തരീക്ഷത്തിലൂടെ പഠിച്ചു വളർന്നവർ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ സോണിയ ഗിരി, പിടിഎ പ്രസിഡന്റ് സെബി മാളിയേക്കൽ, സിസ്റ്റർ വി.പി. ഓമന എന്നിവർ ആശംസകളർപ്പിച്ചു. വിരമിക്കുന്ന അധ്യാപകരായ പി.ജെ. ഡേവിസ്, വി.പി. ലില്ലി, ലിസി സേവ്യർ , സപ്പോർട്ടിംഗ് സ്റ്റാഫ് റോസിലി ജോയ് എന്നിവർക്ക് യാത്രയയപ്പു നൽകി. റെക്ടർ ഫാ. എമ്മാനുവൽ വട്ടക്കുന്നേൽ സ്വാഗതവും ഐസിഎസ്ഇ പ്രിൻസിപ്പൽ ഫാ. മനു പീടികയിൽ നന്ദിയും പറഞ്ഞു.
രൂപത വികാരി ജനറാൾ മോണ്‍. ജോസ് മഞ്ഞളി, കത്തീഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത്, വാർഡ് കൗണ്‍സിലർ മേരിക്കുട്ടി ജോയ്, പ്രിൻസിപ്പൽ ഫാ. സന്തോഷ് മണിക്കൊന്പിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ജോയ്സൻ മുളവരിക്കൽ, ഫാ. ജോസിൻ താഴത്തേറ്റ്, ശിവപ്രസാദ്, എം.ബി. സജിത്ത്, ജോസ് പോൾ തളിയത്ത്, ലൈസ സെബാസ്റ്റ്യൻ, ഡോ. രോഹിത് മിഹിർ, സിബി പോൾ എന്നിവർ സന്നിഹിതരായിരുന്നു.
വിദ്യാഭ്യാസരംഗത്ത് മിഷണറിമാർ നൽകിയ സംഭാവനകൾ നിസ്തുലം: മന്ത്രി ആർ. ബിന്ദു
12:53 AM Jan 29, 2023 | Deepika.com