തൃശൂർ: ഭരണഘടന സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ഓരോ പൗരനും കടമയുണ്ടെന്ന് മന്ത്രി കെ രാജൻ.
ഭരണഘടനയിലെ പൗരാവകാശങ്ങൾ ഉറപ്പിക്കുന്നതോടൊപ്പം അത് മുന്നോട്ടുവയ്ക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റണ്ടതും പൗരസമൂഹത്തിന്റെ ബാധ്യതയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തേക്കിൻകാട് മൈതാനിയിൽ നടന്ന 74-ാമത് റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യം ഒരു ജനാധിപത്യമതനിരപേക്ഷ പരമാധികാര റിപ്പബ്ലിക്കായി നിലകൊള്ളുന്നത് ഭരണഘടനയുടെ കരുത്തുറ്റ അടിത്തറയിലാണ്.
ആ അടിത്തറ തകർന്നാൽ ഇന്ത്യയില്ല. ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിന് പൗരൻ എന്ന നിലയിൽ, ആവശ്യമായ ദിശാബോധം നൽകുന്ന ആധികാരിക മാർഗരേഖയാണ് ഭരണഘടനയെന്നും മന്ത്രി പറഞ്ഞു. തൃശൂർ ഡി എച്ച് ക്യൂ ക്യാന്പ് ഇൻസ്പെക്ടർ കെ. വിനോദ് കുമാർ പരേഡ് നയിച്ചു. വനിതാ സെൽ ഇൻസ്പെക്ടർ പി.വി. സിന്ധു പരേഡ് സെക്കൻഡ് ഇൻ കമാന്റായി. 3 ബാന്റ് പ്ലാറ്റൂണുകൾ ഉൾപ്പെടെ 23 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. സംസ്ഥാന യുവജന ക്ഷേമ ബോർഡ് പ്രളയാനന്തരം രൂപീകരിച്ച സന്നദ്ധസേവന സേന ടീം കേരള യൂത്ത് ഫോഴ്സ് ആദ്യമായി പരേഡിന്റെ ഭാഗമായി. ജില്ലാ കളക്ടർ ഹരിത വി. കുമാർ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, ജില്ലാ റൂറൽ പോലീസ് മേധാവി ഐശ്വര്യ ദോഗ്രെ എന്നിവരും പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.
മാർത്തോമ ഹയർ സെക്കന്ററി സ്കൂൾ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർഥികളുടെ ഫ്ളാഷ് മോബ്, സേക്രടഡ് ഹാർട്ട് സ്കൂൾ വിദ്യാർഥികളുടെ ദേശഭക്തി ഗാനം എന്നിവ അരങ്ങേറി. പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്ലാറ്റൂണുകൾക്ക് മന്ത്രി സമ്മാനദാനം നിർവഹിച്ചു. മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് , സബ് കളക്ടർ മുഹമ്മദ് ഷെഫീക്ക്, പെരുവനം കുട്ടൻ മാരാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
ഭരണഘടന സംരക്ഷണം പൗര സമൂഹത്തിന്റെ കൂടി കടമ: മന്ത്രി രാജൻ
01:17 AM Jan 28, 2023 | Deepika.com