അന്തിക്കാട്: ഒന്പത് ലക്ഷം രൂപ ചെലവഴിച്ച് 630 സ്ക്വയർഫിറ്റിൽ സഹപാഠിക്കായി ചാഴൂർ ശ്രീ നാരായണ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വീടെരുക്കി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായ സഹകരണത്തോടെ നിർമാണം പൂർത്തിയായ സ്നേഹവീടിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് ഇന്ന് രണ്ടിന് സ്കൂൾ അങ്കണത്തിൽ ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും.സി.സി മുകുന്ദൻ എം.എൽ.എ അധ്യക്ഷനാകും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, സിനി ആർടിസ്റ്റ് സുനിൽ സുഖദ മുഖ്യാതിഥികളാകും.
സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക എ.ഡി ശൈലക്കുള്ള യാത്രയപ്പ് സമ്മേളനവും വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും കലാപരിപാടികളും നടക്കും. തുടർന്ന് മജീദ് മടവൂർ അവതരിപ്പിക്കുന്ന മാജിക് ഷോയും അരങ്ങേറും.
865 വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിലെ ഏറ്റവും നിർധനയായ കുട്ടിക്ക് അടച്ചുറപ്പുള്ള വീടൊരുക്കുന്നതിന് അവരെല്ലാവരും കൂടെ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമൊന്നായ് കൈകോർക്കുകയും ചെയ്തിട്ടും ലക്ഷ്യം നേടാൻ കുറച്ചു കൂടി പണം ആവശ്യമായി വന്നപ്പോൾ ബിരിയാണി ചലഞ്ച് നടത്തി രണ്ട് ലക്ഷം രൂപ കൂടി സമാഹരിച്ചാണ് 9 ലക്ഷം എന്ന ലക്ഷ്യത്തിലേക്കെത്തി ചേർന്നതെന്നും ഭാരവാഹികൾ പറഞ്ഞു.പിതാവ് മരണപെടുകയും ഉൗമയായ അമ്മയുടെ മാത്രം തണലിൽ കഴിയുന്ന ഒരു സഹപാഠിക്ക് ചന്തമാർന്നൊരു സ്നേഹവീടൊരുക്കിയതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇതിൽ പങ്കാളികളായ ഓരോരുത്തരുമെന്നും സംഘാടകർ പറഞ്ഞു.
സ്കൂൾ മാനേജർ സതീഷ് വലിയ പറന്പിൽ, പി.ടി.എ പ്രസിഡന്റ് കെ.എസ് സുരേഷ്, വൈസ്പ്രസിഡന്റ് ഷീജഷണ്മുഖൻ, ഹെഡ്മിസ്ട്രസ് എ.ഡി ഷൈല, സ്റ്റാഫ് സെക്രട്ടറി സി.അബ്ദുൽറസാഖ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സഹപാഠിക്കായി ചാഴൂർ ശ്രീ നാരായണ മെമ്മോറിയൽ എച്ച്എസ്എസിലെ വിദ്യാർഥികൾ വീടൊരുക്കി
12:57 AM Jan 26, 2023 | Deepika.com