കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ ജൂബിലി എംബ്ലം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ച് പ്രകാശനം ചെയ്തു. 1977ല്‍ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപനത്തിന്റെ 50 വര്‍ഷങ്ങള്‍ 2027ല്‍ പൂര്‍ത്തിയാകും. ജൂബിലി ആചരണത്തിന്റെ ഒരുക്കം ജൂബിലി ആഘോഷത്തിന്റെ ഭാഗമാണെന്നും കൂടുതല്‍ ഒരുക്കത്തോടെ ജൂബിലി വര്‍ഷത്തെ സമീപിച്ച് നവീകൃതരാകുവാന് നമുക്കു സാധിക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ ഓര്‍മിപ്പിച്ചു.
കാഞ്ഞിരപ്പള്ളി എഫ്സിസി പ്രൊവിന്‍സിലെ സിസ്റ്റർ അമല ഏബ്രഹാം ജൂബിലിഗാന വിഭാഗത്തിലും ചെറുവള്ളിക്കുളം സ്വദേശി അമല്‍ തോമസ് ഉപ്പുകുന്നേല്‍ എംബ്ലം രൂപകല്പന വിഭാഗത്തിലും വിജയികളായി തെരഞ്ഞെടുക്കപ്പെട്ടു. ജൂബിലിഗാന രചനാ വിഭാഗത്തില്‍ കാഞ്ഞിരപ്പള്ളി പതിപ്പള്ളി ജോസഫ് മാത്യു, മുണ്ടക്കയം കുഴിപ്പാലയില്‍ സില്‍വി സോണി, സിസ്റ്റർ സ്റ്റെല്ലാ തുണ്ടിയില്‍ എസ്എബിഎസ്, ശാന്തിഗിരി ഏറത്തുകുന്നേല് തോമസ് വര്‍ഗീസ്, വെളിച്ചിയാനി ചെന്നക്കാട്ടുകുന്നേല്‍ ജോസഫ് സാര്‍ത്തോ എന്നിവര്‍ ആദ്യ അഞ്ചു സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.
എംബ്ലം രൂപകല്പന വിഭാഗത്തില്‍ കുന്നുംഭാഗം വെച്ചൂര്‍ മിഥുന് ജോര്‍ജ്, സിസ്റ്റർ സ്റ്റെല്ലാ തുണ്ടിയില്‍ എസ്എബിഎസ്, ചക്കുപള്ളം കടന്തോട് അഡോണ്‍ റോയി, കാഞ്ഞിരപ്പള്ളി കൊച്ചുപുരയ്ക്കല്‍ ടോണി സണ്ണി, പഴയിടം മണ്ണൂര്‍ റെനില്‍ ജേക്കബ് എന്നിവര്‍ ആദ്യ അഞ്ചു സ്ഥാനങ്ങള്‍ക്കര്‍ഹരായി. മികച്ച എംബ്ലം, ജൂബിലിഗാനം രചനകള്‍ക്കുള്ള പ്രശസ്തിപത്രവും കാഷ് അവാര്‍ഡും കുമളിയില്‍ മേയ് 12ന് നടത്തപ്പെടുന്ന രൂപതാദിനത്തില്‍ നൽകും.
രൂപത വികാരി ജനറാൾമാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, റവ.ഡോ. കുര്യന് താമരശേരി, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ജൂബിലി ആചരണത്തിനായി പ്രസ്ബിറ്ററല്‍ കൗണ്‍സിലില്‍നിന്നുള്ള കമ്മിറ്റി കണ്‍വീനര്‍ ഫാ. തോമസ് പൂവത്താനിക്കുന്നേല്‍, പാസ്റ്റര്‍ ആനിമേഷന്‍ ഡയറക്ടര്‍ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണജൂബിലി എംബ്ലം പ്രകാശനം ചെയ്തു
10:33 PM Jan 25, 2023 | Deepika.com