കൊരട്ടി: അപ്രതീക്ഷിതമായി ഇന്നലെ പെയ്ത മഴയ്ക്കിടയിൽ ദേശീയപാത കൊരട്ടി മേഖലയിൽ എട്ട് അപകടങ്ങൾ നടന്നു. യാത്രികരിൽ ചിലർക്കു നിസാര പരിക്കുകളേറ്റിട്ടുണ്ട്. ഇരുപതോളം വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു. ഇന്നലെ വൈകീട്ട് ആറിനും ഏഴരയ്ക്കും ഇടയിലാണു കൊരട്ടി പഞ്ചായത്ത് അതിർത്തിക്കുള്ളിലെ മുരിങ്ങൂരിനും പൊങ്ങത്തിനുമിടയിൽ തുടരെ തുടരെ അപകടങ്ങൾ ഉണ്ടായത്.
ചിറങ്ങര സിഗ്നൽ ജംഗ്ഷനിൽ എയർപോർട്ടിലേക്കു പോകുകയായിരുന്ന കാറിൽ ടാങ്കർ ലോറി ഇടിച്ച് കാറിൽ സഞ്ചരിച്ച യാത്രികർക്കു പരിക്കേറ്റു. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി വൈദ്യസഹായം നൽകി. ഒന്നര മണിക്കൂർ നേരം മേഖലയിൽ ശക്തമായ മഴയും ഇടിമിന്നലുമായിരുന്നു.
ദേശീയ പാതയിലെ വാഹനങ്ങളുടെ ബാഹുല്യവും അമിതവേഗവും സിഗ്നലുകളോട് ഡ്രൈവർമാർ പുലർത്തുന്ന അവഗണനയുമാണ് അപകടങ്ങൾക്ക് കാരണം. വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിനെ തുടർന്ന് ചെറിയ ഗതാഗതക്കുരുക്കുകളും മേഖലയിൽ ഉണ്ടായിരുന്നു.
അപ്രതീക്ഷിത മഴ; ദേശീയപാത കൊരട്ടിയിൽ എട്ട് അപകടങ്ങൾ
12:52 AM Jan 25, 2023 | Deepika.com