ശശികുമാർ പകവത്ത്
തിരുവില്വാമല: നൂലിഴകൾ നിരവധി ചേർത്ത് വടേ ക്ക കൂട്ടാല നാരായണൻനായർക്ക് സജീവ് തോപ്പിൽ എന്ന ചിത്രകാരന്റെ സ്നേഹസമർപണമൊരുങ്ങുന്നു. വി.കെ.എൻ സ്മാരകത്തിൽ അദ്ദേഹത്തിന്റെ ചരമവാർഷിക ദിനത്തിൽ സമർപിക്കാൻ ചിത്രകാരനായ സജീവ് തോപ്പിൽ തീർക്കുന്നത് നൂലിഴകളിൽ വിരിയിച്ചെടുത്ത വി.കെ.എന്നിന്റെ വിസ്മയ ചിത്രമാണ്.
രണ്ട് അടി നീളവും രണ്ടടി വീതിയുമുള്ള പ്ലൈവുഡ് ഫ്രെയിമിനകത്താണ് കറുത്ത നൂലു കൊണ്ട് ചിത്രം തീർക്കുന്നത്. വട്ടത്തിൽ 200 ആണികൾ തറച്ച് 4500 നൂലുകൾ കോർത്താണ് ചിത്രം പൂർത്തിയാക്കുന്നത്. ആണികൾ തമ്മിലുള്ള അകലം കൃത്യമാകണമെന്നതാണ് നൂൽചിത്രമൊരുക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നും അതുകൊണ്ടു തന്നെ വളരെ ക്ഷമയോടെയാണ് ചിത്രം തീർക്കുന്നതെന്നും സജീവ് പറഞ്ഞു. ഈ മാസം ഒന്നാം തിയതിയാണ് നൂലിഴ ചിത്രം ചെയ്തു തുടങ്ങിയത്. സാധാരണ ചിത്രങ്ങൾ വരയ്ക്കുന്നത് സ്കെച്ച് ചെയ്താണെങ്കിൽ നൂൽചിത്രം സ്കെച്ച് ചെയ്യാതെയാണ് ആവിഷ്കരിക്കുന്നത്. ഇന്ന് വി.കെ.എൻ അനുസ്മരണചടങ്ങിൽ ചിത്രം സമർപ്പിക്കും.
പേനകൊണ്ട് കുത്തുകളിട്ട് ഡോട്ട് ആർട്ടിലൂടെ വിസ്മയം തീർക്കുന്ന സജീവ് നേരത്തെ പല പ്രമുഖരുടേയും ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. കുത്തുകളിട്ട് കാനായി കുഞ്ഞിരാമൻ, നടൻ ശ്രീനിവാസൻ, പാട്ടുകാരി നഞ്ചിയമ്മ തുടങ്ങി സാംസ്കാരിക നായകർ, രാഷ്ട്രീയ- സിനിമ താരങ്ങൾ തുടങ്ങി നിരവധിപേരെ ഡോട്ട് ആർട്ട് വിസ്മയത്തിലൂടെ സജീവ് ആവിഷ്കരിച്ചിട്ടുണ്ട്.
പട്ടാന്പി ഫൈനാർട്സ് കോജിലാണ് സജീവ് ചിത്രകലയിൽ ഉപരിപഠനം പൂർത്തിയാക്കിയത് തന്റെ ചിത്രങ്ങളുടെ ചിത്ര പ്രദർശനവും സംഘടിപ്പിച്ചിരുന്നു. പഴയന്നൂരിൽ ഗ്രാഫിക്സ് അഡ്വർടൈസേഴ്സ് എന്ന സ്ഥാപനം നടത്തുകയാണ് സജീവ്.
നൂലിഴകളിൽ വി.കെ.എൻ വിസ്മയം
12:48 AM Jan 25, 2023 | Deepika.com