തിരുവല്ല: നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളോടു തികച്ചും നിഷേധാത്മക നയം സ്വീകരിക്കുന്ന എംഎൽഎയ്ക്കെതിരേ പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ. പെരിങ്ങര മണ്ഡലം കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു വർഷത്തിലേറെയായി നിർമാണം നടന്നുവരുന്ന മേപ്രാൽ - അംബേദ്കർ കോളനി - അഴിയിടത്തു ചിററോഡ് തകർന്നു തരിപ്പണമായി ജനജീവിതം ബുദ്ധിമുട്ടിലായിട്ടും ഒരു ചെറുവിരൽ പോലും അനക്കാൻ പോലും എംഎൽഎയ്ക്കു കഴിഞ്ഞിട്ടില്ല. നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് ജോലികളാകെ തടസപ്പെട്ടിരിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. കോമളം പാലത്തിന്റെ പണികൾ ആരംഭിക്കാനായില്ലെന്നു മാത്രമല്ല, ബദൽ ക്മീകരണങ്ങളുമുണ്ടായില്ല.
കോൺഗ്രസിന്റെ രണ്ടാംഘട്ട സമര പരിപാടിയുടെ ഭാഗമായി ഫെബ്രുവരി ഏഴിനു രാവിലെ തിരുവല്ല പിഡബ്ല്യുഡി ഓഫീസിനു മുമ്പിൽ ജനകീയ സമരം നടത്താനും മണ്ഡലം യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ഈപ്പൻ കുര്യൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കരി, ഐഎൻടിയുസി താലൂക്ക് പ്രസിഡന്റ് രാജേഷ് ചാത്തങ്കരി, മഹിളാ കോൺഗ്രസ് പ്രസിഡന്റ് അരുന്ധതി അശോക്, ഡിസിസി മെംബർ മിനിമോൾ ജോസ്, ക്രിസ്റ്റഫർ ഫിലിപ്പ്, റോയ് വർഗീസ്, ജോസ് തുമ്പേലി, എം. ബി. പത്മനാഭൻ, മാത്യു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
എംഎൽഎയുടെ നിസംഗത; കോൺഗ്രസ് പ്രക്ഷോഭത്തിന്
10:35 PM Jan 24, 2023 | Deepika.com