ഒളരിക്കര: പുല്ലഴി- ഒളരി റോഡ് വികസനം സ്ഥലം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പൊളിക്കൽ നടപടികൾ ഒരു വിഭാഗം ആളുകൾ തടഞ്ഞത് സംഘർഷവസ്ഥ സൃഷ്ടിച്ചു. പിന്നീട് പോലീസ് സാന്നിധ്യത്തിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി.
ഒന്നരക്കിലോമീറ്റർ പരിധിയിലുള്ള വീടുകളും വ്യാപാര സ്ഥാപനങ്ങളുമാണ് പൊതുമരാമത്ത് വകുപ്പ് ജെസിബി ഉപയോഗിച്ച് പൊളിച്ചു മാറ്റാൻ എത്തിയത്. ഇത് സ്ഥലം നഷ്ടപ്പെടുന്ന ആളുകൾ തടയുകയായിരുന്നു. ഹൈക്കോടതി ഉത്തരവുണ്ടെന്ന് പറഞ്ഞാണ് തടഞ്ഞത്. എന്നാൽ ഉത്തരവിന്റെ പകർപ്പ് ഹാജരാക്കാൻ സ്ഥലം ഉടമകൾക്കു സാധിച്ചില്ല.
റോഡ് വികസനം തടയുന്നുവെന്നു പറഞ്ഞ് പുല്ലഴി റോഡ് വികസന സമിതി പ്രവർത്തകരും നാട്ടുകാരും സ്ഥലത്ത് എത്തിയത് തർക്കത്തിനു കാരണമായി. വെസ്റ്റ് പോലീസും സ്ഥലത്ത് എത്തിയിരുന്നു.
തുടർന്ന് ഇരുകൂട്ടരെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരെയും സ്റ്റേഷനിൽ വിളിപ്പിച്ചു നടത്തിയ ചർച്ചയിലും സ്ഥലം ഉടമകൾക്ക് ഉത്തരവിന്റെ പകർപ്പ് നൽകാൻ സാധിച്ചില്ല. മൂന്നു മണിയോടെ പോലീസ് സാന്നിധ്യത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കെട്ടിടങ്ങളും മതിലുകളും പൊളിച്ചുമാറ്റി.
സംഘർഷം, പോലീസ് സാന്നിധ്യത്തിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി
01:03 AM Dec 10, 2022 | Deepika.com