തൃശൂർ: സംക്ഷിപ്ത വോട്ടർപ്പട്ടിക പുതുക്കൽ കാലയളവായ ഡിസംബർ 18 വരെ വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്ന ജില്ലക്കാർക്ക് സമ്മാനം നേടാൻ അവസരം.
വോട്ടർ ഹെൽപ് ലൈൻ ആപ്പ്/എൻവിഎസ്പി വെബ് പോർട്ടൽ വഴി പട്ടികയിൽ പേര് ചേർക്കുവാൻ അപേക്ഷ നൽകി ആ വിവരം സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ ഷെയർ ചെയ്തതിന്റെ സ്ക്രീൻ ഷോട്ട്, പേര്, അപേക്ഷയുടെ റഫറൻസ് ഐഡി എന്നിവ സഹിതം 9744736373 എന്ന നന്പറിലേയ്ക്ക് വാട്സ് ആപ്പ് വഴി അയക്കണം. അവസാന തീയതി 20. തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ജില്ലാ കളക്ടർ നേരിട്ട് സമ്മാനം കൈ മാറുമെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
നാപ്കിൻ ഫ്രീ സോണ്‍
തൃശൂർ: വടക്കാഞ്ചേരി നഗരസഭയിലെ 29-ാം ഡിവിഷനെ നാപ്കിൻ ഫ്രീ സോണാക്കി മാറ്റുന്നു. ഇതിനായി തിരുത്തിപ്പറന്പ് ഡിവിഷനിൽ സൗജന്യമായി മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും. "പിരീഡ് ഓഫ് ചേഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വിവിധ കന്പനികളുടെ സിഎസ്ആർ ഫണ്ടുപയോഗിച്ചാണു നടപ്പിലാക്കുന്നത്.
ഇതിനു മുന്നോടിയായി കുടുംബശ്രീ എഡിഎസിന്റെയും വാർഡ് വികസന സമിതിയുടേയും സഹായത്തോടെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതോടെ ജില്ലയിലെ ആദ്യത്തെ നാപ്കിൻ ഫ്രീ സോണ്‍ ആയി തിരുത്തിപ്പറന്പ് മാറിയെന്ന് കൗൺസിലർ ജോയൽ മഞ്ഞില പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് ആര്യംപാടം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആദ്യഘട്ട വിതരണം നടക്കും. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. ഷീല, ഡോ. സൗമ്യ സരിൻ, ഡോ. ജാനകി ഓംകുമാർ തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ഡോ. നിജി ജസ്റ്റിൻ, എം. ശശികുമാർ, പി.കെ. മജീദ് എന്നിവർ പങ്കെടുത്തു.
വോട്ടർ പട്ടിക പുതുക്കൽ: സമ്മാനം നേടാൻ അവസരം
12:58 AM Dec 10, 2022 | Deepika.com