ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് കൊമേഴ്സ് വിഭാഗം വിദ്യാർഥികൾ ഇക്കഴിഞ്ഞ ഓണക്കാലത്തൊരുക്കിയ മെഗാ സദ്യക്ക് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം.
ഇന്ത്യയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ തയാറാക്കി പ്രദർശിപ്പിച്ച ഏറ്റവും വലിയ സദ്യയെന്ന ഖ്യാതിയാണ് കോളജ് ഇതുവഴി കരസ്ഥമാക്കിയത്.
ഏറ്റവുമധികം വെജിറ്റേറിയൻ പരന്പരാഗത ഭഷ്യവിഭവങ്ങൾ ഉണ്ടാക്കിയതും, അണിനിരത്തിയതുമായ വിദ്യാഭ്യാസ സ്ഥാപനം എന്നതാണ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകരിച്ചത്.
ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കോളജുമാണ് ക്രൈസ്റ്റ്. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർ കോളജ് അധികൃതർക്ക് കൈമാറി. പ്രിൻസിപ്പൽ റവ.ഡോ. ജോളി ആൻഡ്രൂസ്, മെഗാ സദ്യ കോഡിനേറ്റർ എം. സ്മിത ആന്റണി, കൊമേഴ്സ് വിഭാഗം വകുപ്പധ്യക്ഷൻ പ്രഫ. കെ.ജെ. ജോസഫ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഏറ്റവുമധികം വെജിറ്റേറിയൻ പരന്പരാഗത ഭഷ്യവിഭവങ്ങൾ അണിനിരത്തിയതിനാണ് അംഗീകാരമെന്ന് അധികൃതർ വ്യക്തമാക്കി. മെഗാ സദ്യയിൽ ഉണ്ടായിരുന്ന 239 ഇനങ്ങളാണ് മെഗാ സദ്യയിൽ ഉണ്ടായിരുന്നത്. 37 തരം പ്രധാന കറികൾ, 52 തരം സൈഡ് കറികൾ, 55 തരം തോരനുകൾ, 20 തരം ചട്ണികൾ, 12 തരം ഉപ്പേരികൾ, 18 തരം അച്ചാറുകൾ, 15 തരം വറുത്ത ഇനങ്ങൾ, 30 തരം പായസങ്ങൾ, പ്രധാന വിഭവമായി ചോറ് തുടങ്ങിയവ അടങ്ങിയതായിരുന്നു സദ്യ. 700 പേരാണ് ഈ ഓണസദ്യ കഴിച്ചത്.
ക്രൈസ്റ്റ് കോളജ് മെഗാ ഓണസദ്യക്ക് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം
12:48 AM Dec 10, 2022 | Deepika.com