പെരിന്തൽമണ്ണ: പെരിന്തൽമണ്ണ വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണയിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളെയും പങ്കെടുപ്പിച്ചുള്ള സംയുക്ത ക്രിസ്മസ് ആഘോഷം നാളെ വൈകുന്നേരം 5.30ന് പുത്തനങ്ങാടി സെന്റ് ജോസഫ് സ്കൂൾ അങ്കണത്തിൽ നടത്തുമെന്നു ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കരോൾ ഗാനാലാപനത്തിനു മുന്നോടിയായി നടത്തുന്ന പൊതുസമ്മേളനം മലപ്പുറം സബ് റിജിണൽ പ്രസിഡന്റ് മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഫാ. ജോർജ് പുത്തൻചിറ അധ്യക്ഷത വഹിക്കും.
താമരശേരി രൂപത വികാരി ജനറാൾ മോണ്‍ ജോണ്‍ ഒറവുങ്കര മുഖ്യസന്ദേശം നൽകും. സെക്രട്ടറി ഷിബു ചെറിയാൻ റിപ്പോർട്ടവതരിപ്പിക്കും. നജീബ് കാന്തപുരം എംഎൽഎ, മുൻസിപ്പൽ ചെയർമാൻ പി. ഷാജി, പുത്തനങ്ങാടി സിഎഫ്ഐസി സ്ഥാപനങ്ങളുടെ അധികാരി ഫാ. ഡെന്നീസ് ചോലപള്ളിയിൽ, വൈസ് പ്രസിഡന്റ് പാസ്റ്റർ ബിജോയ് കുര്യാക്കോസ് എന്നിവർ പ്രസംഗിക്കും. ക്രിസ്മസ് ആഘോഷങ്ങളുടെ കണ്‍വീനർ റവ. സിജു ജേക്കബ് സ്വാഗതം പറയും. സംയുക്ത ക്രിസ്മസ് ആഘോഷത്തിൽ പെരിന്തൽമണ്ണയിലെ 18 ദേവാലയങ്ങളിൽ നിന്നുള്ള ഗായകസംഘങ്ങൾ ഗാനങ്ങൾ ആലപിക്കും. വാർത്താസമ്മേളനത്തിൽ പെരിന്തൽമണ്ണ വൈഎംസിഎ പ്രസിഡന്റ് ഫാ. ജോർജ്് പുത്തൻചിറ, സെക്രട്ടറി ഷിബു ചെറിയാൻ, മറ്റു ഭാരവാഹികളായ സിജു ജേക്കബ്, പാസ്റ്റർ ബിജോയ് കുര്യാക്കോസ്, എ.ജെ.സണ്ണി, ഫ്ളോറാ മെൻഡോൻസ എന്നിവർ പങ്കെടുത്തു.
പരീക്ഷാ പരിശീലനം
മലപ്പുറം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് പെരിന്തൽമണ്ണ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ നടത്തിയ മുപ്പതുദിവസത്തെ സൗജന്യ പിഎസ്സി മത്സര പരീക്ഷാ പരിശീലനം സമാപിച്ചു. സമാപന പരിപാടി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ കെ. ശൈലേഷ് ഉദ്ഘാടനം ചെയ്തു.
പെരിന്തൽമണ്ണ വൈഎംസിഎയുടെ സംയുക്ത ക്രിസ്മസ് ആഘോഷം നാളെ
12:13 AM Dec 10, 2022 | Deepika.com