മേലൂർ: മേലൂർ - അടിച്ചിലി റോഡിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. ഇന്നലെയുണ്ടായ അപകടത്തിൽ യുവാവിനു പരിക്കേറ്റു.
പുഷ്പഗിരി പാറക്കതൈ ശിവശങ്കരൻ മകൻ വിഷ്ണുവിനാണ് പരിക്കേറ്റത്. പുഷ്പഗിരി ഭാഗത്ത് നിന്ന് ബുള്ളറ്റിൽ ജോലിക്ക് പോകുന്നതിനിടയിൽ കുന്ന് വഴിക്കു സമീപമാണ് അപകടം നടന്നത്.
എതിർവശത്ത് റോഡരികിൽ ഒരു വാഹനം ഇവിടെ നിറുത്തിയിട്ടിരുന്നുവെന്നും തൊട്ടു പിന്നാലെ വന്ന സ്വകാര്യ ബസിനെ കണ്ട് ബുള്ളറ്റ് നിറുത്താൻ ശ്രമിച്ചുവെങ്കിലും നിയന്ത്രണം നഷ്ട്ടപെട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
മുഖത്ത് ഗുരുതരമായ പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസ്തുത റോഡ് നാളുകൾക്കു മുൻപ് മികച്ച റോഡായി നവീകരണം നടത്തിയെങ്കിലും യാതൊരു വിധസുരക്ഷാ സംവിധാനങ്ങൾ ഇവിടെയില്ലെന്നും യാത്രക്കാർ ആരോപിച്ചു.
വലിയ വളവുകൾ നിറഞ്ഞ 15ലധികം ഭാഗങ്ങൾ അപകടങ്ങൾക്കു കാരണമാകുന്നതായും പറയുന്നുണ്ട്. റോഡ് നിർമാണത്തിലുണ്ടായ അപാകതകൾ ബന്ധപ്പെട്ട അധികൃതർ പരിഹരിച്ച് യാത്രക്കാർക്കു സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.
മേലൂർ - അടിച്ചിലി റോഡിൽ അപകടങ്ങൾ തുടർക്കഥ
12:51 AM Dec 09, 2022 | Deepika.com