തൃശൂർ: കോർപറേഷൻ സീറോ വേസ്റ്റ് കോർപറേഷൻ ആക്കുന്നതിന്റെ ഭാഗമായി അജൈവ മാലിന്യശേഖരണവും സംസ്കരണവും ഇനി മുതൽ സ്മാർട്ടാവുന്നതിന്റെ ഉദ്ഘാടനം മേയർ എം.കെ. വർഗീസ് നിർവഹിച്ചു.
ഈ പദ്ധതി കേരളത്തിൽ ആദ്യമായി തൃശൂർ കോർപറേഷനിലാണ് ആരംഭിക്കുന്നത്. സർക്കാർ സ്ഥാപനമായ കെൽട്രോണുമായി സഹകരിച്ചാണ് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് അപ്ലിക്കേഷൻ വഴിയാണു പദ്ധതി നടപ്പിലാക്കുന്നത്.
ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ അവയുടെ ഭൗതീക സാന്പത്തിക പുരോഗതി പൊതുജനങ്ങൾക്കുള്ള പരാതി പരിഹാരസെൽ തുടങ്ങിയ അടിസ്ഥാന ഘടകങ്ങൾ ഉൾപ്പെടുത്തി മാലിന്യസംസ്കരണ മേഖലയിലെ അജൈവ മാലിന്യശേഖരണവും സംസ്കരണ പ്രവർത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയാണിത്.
മാലിന്യങ്ങൾ ശേഖരിക്കുന്ന സ്ഥലങ്ങളിൽ ക്യുആർ കോഡ് പതിപ്പിച്ച് മാലിന്യശേഖരണം കൂടുതൽ കാര്യക്ഷമമാക്കാൻ ഈ പദ്ധതിയിലൂടെ ഹരിതകർമ സേനാംഗങ്ങൾക്ക് കഴിയും. കൂടാതെ മാലിന്യ ശേഖരണത്തിന്റെ അളവ്, ശേഖരിച്ച ദിവസം, അടച്ച തുക എന്നിവ ഹരിതകർമ സേനാംഗങ്ങൾക്കും നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർക്കും ഇതിലൂടെ അറിയാനാകും.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, ഡിവിഷൻ കൗണ്‍സിലർ സുഭി സുകുമാർ, ഹെൽത്ത് സൂപ്പർവൈസർ സുരേഷ്കുമാർ, കുടുംബശ്രീ മെന്പർ സെക്രട്ടറി പി.ബി. ബിനു, കുടുംബശ്രീ പ്രവർത്തകർ, കോർപറേഷൻ ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കോർപറേഷൻ കുടുംബശ്രീയുടെ ഹരിതകർമസേന വഴിയാണു പദ്ധതി നടപ്പിലാക്കുന്നത്.
സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം കോർപറേഷനിൽ
12:38 AM Dec 08, 2022 | Deepika.com