കോന്നി: കോന്നി താലൂക്ക് ആശുപത്രി മുഖം മിനുക്കുന്നു. പുതിയ കെട്ടിടം പണി പൂർത്തിയായി വരികയാണ്. പുതിയ കെട്ടിടത്തില്‍ നിലവിലെ കാഷ്വാലിറ്റിയില്‍ ആണ് ആധുനിക ആര്‍ദ്രം ഒപി ബ്ലോക്ക് ക്രമീകരിക്കുന്നത്. ഇതിനായി 93 ലക്ഷം രൂപ വകയിരുത്തി. ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡാണ് നിര്‍വഹണ ഏജന്‍സി. താലൂക്ക് ആശുപത്രിയിൽ 13.79 കോടി രൂപയുടെ നിര്‍മാണമാണ് നടക്കുന്നതെന്നു കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിച്ച ഏഴരക്കോടി രൂപയ്ക്കാണ് കെട്ടിട നിര്‍മാണം പുരോഗമിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിര്‍വഹണ ഏജന്‍സി.
അത്യാഹിത വിഭാഗം ഗ്രൗണ്ട് ഫ്ളോറിൽ
ഒന്നാം നിലയില്‍ ഒപി ബ്ലോക്ക് ക്രമീകരിക്കുന്നതിനൊപ്പം ഗ്രൗണ്ട് ഫ്ളോറിലേക്ക് അത്യാഹിതവിഭാഗം മാറ്റി ക്രമീകരിക്കും. നിര്‍മാണം പൂര്‍ത്തീകരിച്ച രണ്ടാം നിലയില്‍ ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് ആധുനിക ഗൈനക്കോളജി വാര്‍ഡ് ക്രമീകരിക്കും. ആധുനിക ലേബര്‍ ഓപ്പറേഷന് തിയേറ്റര്‍, ആധുനിക ലേബര്‍ റൂം, ആധുനിക ലേബര്‍ വാര്‍ഡ് എന്നിവ ക്രമീകരിക്കും. ഇതിനായി 2.7 കോടി രൂപ വകയിരുത്തി. കെല് ആണ് നിര്‍വഹണ ഏജന്‍സി.
മൂന്നാം നിലയില്‍ നേത്രരോഗികള്‍ക്കായി ആധുനിക ഐ ഓപ്പറേഷന് തിയേറ്ററും ഐ വാര്‍ഡും ക്രമീകരിക്കും. ഇതിനായി ഒരു കോടി രൂപ വകയിരുത്തി. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് ആണ് നിര്‍വഹണ ഏജന്‍സി. ഇതേ ഫ്ളോറില്‍തന്നെ ഓപ്പറേഷന് തിയേറ്ററും ക്രമീകരിക്കും.
നാലാംനില പുരുഷന്മാർക്ക്
നാലാം നിലയില്‍ പുരുഷന്മാര്ക്കുള്ള വാര്‍ഡും ഡോക്ടര്‍മാരുടെ മുറികളും ക്രമീകരിക്കും. എല്ലാ നിലയിലും നഴ്സിംഗ് സ്റ്റേഷനുകള്‍ ക്രമീകരിക്കുന്നുണ്ട്. ഇപ്പോള്‍ താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ വാര്‍ഡിനു പിറകുവശത്തുള്ള സ്ഥലത്താണ്. എംഎല്‍എ ഫണ്ടില്‍നിന്നു 1.79 കോടി രൂപ ഐസൊലേഷന്‍ വാര്‍ഡിനായി അനുവദിച്ചിട്ടുണ്ട്.
കിഫ്ബി മുഖാന്തിരം കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് നിര്‍മാണം നടത്തുന്നത്. വാര്‍ഡിലേക്കു പോകാനുള്ള വഴി നിര്‍മിക്കാനും നിലവിലെ കെട്ടിടത്തിന്റെ നവീകരണത്തിനുമായി എംഎല്‍എ ഫണ്ടില്‍നിന്ന് 50 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ജില്ലാ നിര്‍മിതി കേന്ദ്രമാണ് നിര്‍വഹണ ഏജന്‍സി.
നിർമാണ പുരോഗി
വിലയിരുത്തി
താലൂക്ക് ആശുപത്രിയിലെ നിര്‍മാണം നേരിട്ടു പരിശോധിച്ച എംഎല്‍എ, ജോലികൾ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വര്‍ഗീസ് ബേബി, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനിയര്‍ ഷീന രാജന്, പത്തനംതിട്ട എന്‍എച്ച്എം ഡിപിഎം ഡോ. ശ്രീകുമാര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രേസ് മറിയം, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ആശ, അസിസ്റ്റന്റ് എന്‍ജിനിയര്‍ മെജോ, പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എന്‍ജിനിയര്‍ ശ്യാംകുമാര്‍, താലൂക്ക് ആശുപത്രി ആര്‍എംഒ ഡോ. അരുണ്‍, കെഎസ്ഐ സൈറ്റ് എന്‍ജിനിയര്‍ തമീം, എഫ്ഐടി സൈറ്റ് എന്‍ജിനിയര്‍ അജ്മല്‍ ഘോഷ്, സുഗതന്, കെല് സൈറ്റ് എന്‍ജിനിയര്‍ വിധുരാജ് തുടങ്ങിയവരും ഉണ്ടായിരുന്നു.
കോന്നി താലൂക്ക് ആശുപത്രി മുഖം മിനുക്കുന്നു
11:23 PM Dec 06, 2022 | Deepika.com