എരുമപ്പെട്ടി: അയൽവാസിയായ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വരവൂർ തളി വിരുട്ടാണം കോളനിയിൽ കൈപ്ര വീട്ടിൽ മനോജ് (44) ആണ് മരിച്ചത്. അയൽവാസിയായ ഗോകുൽ(24) ആണ് മനോജിനെ തീ കൊളുത്തിയത്.
കഴിഞ്ഞ നവംബർ 27നായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന മനോജിന്റെ ശരീരത്തിലേക്ക് കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് ഗോകുൽ തീ വയ്ക്കുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. ഗുരുതരമായി പെള്ളലേറ്റ മനോജ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത ഗോകുൽ റിമാന്റിലാണ്. ചന്ദ്രൻ നായരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായ മനോജ് അവിവാഹിതനാണ്.
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
11:07 PM Dec 05, 2022 | Deepika.com