കലഞ്ഞൂര്‍: കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്ന അന്തരീക്ഷം വിദ്യാലയങ്ങളില്‍ ഒരുക്കുകയാണ് ഏറ്റവും പ്രധാനമെന്ന് മന്ത്രി വീണാ ജോര്‍ജ്. കലഞ്ഞൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച ആധുനിക ശാസ്ത്ര സാങ്കേതിക ലാബായ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയിലെ സ്കൂളുകളെ വെല്ലുന്ന രീതിയിലുള്ള കെട്ടിടങ്ങളും ക്ലാസ് മുറികളും സര്‍ക്കാര്‍ സ്കൂളുകളിലുണ്ട്. നീതി അയോഗിന്റെ അവലോകനത്തില്‍ കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണന്നും മന്ത്രി പറഞ്ഞു.
ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ തെങ്ങുംകാവ് ഗവണ്മെന്റ് എല്‍പിഎസ് പ്രഥമാധ്യാപകന് ഫിലിപ് ജോര്‍ജിനെയും വനിതാ ശിശുവികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യപുരസ്കാരം നേടിയ കലഞ്ഞൂര്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഖില്‍ എസ്. കുമാറിനെയും മന്ത്രി ചടങ്ങില്‍ ആദരിച്ചു.
സമഗ്രശിക്ഷാ കേരളയില്‍ നിന്നു പത്തുലക്ഷം രൂപ ചെലവഴിച്ചാണ് ടിങ്കറിംഗ് ലാബ് പൂര്‍ത്തീകരിച്ചത്.
കുട്ടികളുടെ ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതിനും ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുന്നതിനുമായി ആധുനികമായ ത്രീഡി പ്രിന്റര്‍, ടെലസ്കോപ്പ്, ഡ്രോണ്‍, ചെറിയ റോബോട്ടിക് ഉപകരണങ്ങള്‍ തുടങ്ങി വ്യത്യസ്തമായ സാങ്കേതിക ഉപകരണങ്ങള്‍ ലാബില്‍ സജ്ജമാക്കിയിട്ടുണ്ട്.
യോഗത്തില്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി. തോമസ് പദ്ധതി വിശദീകരിച്ചു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീനാ പ്രഭ, കോന്നി ബിപിഒ എസ്. ഷൈലജ കുമാരി, സ്കൂള്‍ പിടിഎ പ്രസിഡന്റ് പി.എന്‍. സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ എം. സക്കീന, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ എസ്. ലാലി, പ്രഥമാധ്യാപിക കെ.എല്‍. ലക്ഷ്മി നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കഴിവുകളെ പരിപോഷിപ്പിക്കുന്ന അന്തരീക്ഷം ഒരുക്കുക പ്രധാനം: മന്ത്രി വീണാ ജോര്‍ജ്
10:46 PM Dec 04, 2022 | Deepika.com