പുതുക്കാട്: താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച കർമ നീതി ലാബ് ജനങ്ങൾക്കായി തുറന്നു നൽകി. കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, അംഗങ്ങളായ അൽജോ പുളിക്കൻ, ഷീല ജോർജ്, പഞ്ചായത്തംഗം സെബി കൊടിയൻ തുടങ്ങിയവർ പങ്കെടുത്തു.
കുറഞ്ഞ ചെലവിൽ സാധാരണകാർക്ക് ചികിത്സ സൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആധുനിക മെഷിനറികൾ ഒരുക്കി ലാബ് സജ്ജമാക്കിയത്. ഇലക്ട്രോലൈറ്റ് അനലൈസർ, ഹെമറ്റോളജി അനലൈസർ, ബയോകെമിസ്ട്രി അനലൈസർ എന്നീ മൂന്ന് മെഷിനറികളാണ് സ്ഥാപിച്ചത്. നവീകരണത്തിന്റെ ഭാഗമായി മൂന്ന് പുതിയ ജീവനക്കാരെ നിയോഗിച്ചു. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെയും ഞായറാഴ്ചകളിൽ രാവിലെ 6:30 മുതൽ 12 വരെയും ലാബ് പ്രവർത്തിക്കും. 1999 ലാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് താലൂക്ക് ആശുപത്രി കോന്പൗണ്ടിൽ നീതി ലാബ് പ്രവർത്തനം തുടങ്ങിയത്.
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ നവീകരിച്ച കർമ നീതി ലാബ് തുറന്നു
01:10 AM Dec 04, 2022 | Deepika.com